കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാത ശാസ്താംമുകൾ കടക്കാൻ മൂക്കുപൊത്താതെ വഴിയില്ല. പാതയുടെ ഇരുവശവുമുള്ള രണ്ടു പാറമടകളിലേക്കാണ് വഴിയിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നും പാറമട ലക്ഷ്യമാക്കി എറിയുന്ന മാലിന്യം അവിടേക്ക് വീഴാതെ റോഡിലേക്ക് വീഴുന്നത്. കാക്കയും തെരുവുനായ്ക്കളും കൊത്തിവലിച്ച് റോഡിൽ കിടക്കുന്ന മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം അസഹ്യമാണ്. സമീപ മേഖലകളിലെ ഇറച്ചിക്കോഴി കടകളിലെയുൾപടെ മാലിന്യങ്ങളും കാറ്ററിംഗ് യൂണിറ്റുകളുടെ മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ട്.
നേരത്തെ ഇതു വഴി ഹൈറേഞ്ചിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഇവിടെ നിർത്തി ഫോട്ടോയടുത്തും, വിശ്രമിച്ചും പോകുന്ന പതിവുണ്ടായിരുന്നു. സഞ്ചാരികളെ പ്രതീക്ഷിച്ച് രണ്ട് ഹോട്ടലും തുറന്നിരുന്നു. എന്നാൽ മാലിന്യകൂമ്പാരമായതോടെ ആളുകൾ ഇവിടം ഉപേക്ഷിച്ചു. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപം. ഇവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പാറമടയുടെ റോഡരികിലെ സംരക്ഷണ ഭിത്തിയോടു ചേർന്നുള്ള ഭാഗത്ത് കാടു വളർന്നതും മാലിന്യം റോഡിൽ വീഴുന്നതിന് കാരണമാണ്.
ഉപയോഗശൂന്യമായി പാറമടയിലെ ജലം
തിരുവാണിയൂർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന പാറമടയിൽ നിന്നും കഴിഞ്ഞ വർഷം വരെ കുടിവെള്ളത്തിനായി മോട്ടോർ സ്ഥാപിച്ച് വില്പന നടത്തിയിരുന്നു.
ജലം മലിനമായതിനു പുറമേ റോഡരികിൽ നിന്നും വൻതോതിൽ പാറമടയിലേക്ക് മാലിന്യം തള്ളുകയും ചെയ്തതോടെ പാറമടയിലെ ജലം പൂർണമായും ഉപയോഗ ശൂന്യമായി.