manhas-abulees

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണവുമായി വിമാനക്കമ്പനി ജീവനക്കാരൻ പിടിയിലായ കേസിൽ ഇയാൾക്ക് സ്വർണം കൈമാറിയ തമിഴ്‌നാട് സ്വദേശിയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായി.

സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ കാബിൻ ക്രൂ പാലക്കാട് സ്വദേശി മൻഹാസ് അബുലീസിൽ നിന്ന് 1.07 കോടി രൂപ വില വരുന്ന 2.550 കിലോ സ്വർണമിശ്രിതമാണ് കഴിഞ്ഞ ദിവസം ഡി.ആർ.ഐ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയർഇന്റലിജൻസ് വിഭാഗത്തിന്റെ

സഹകരണത്തോടെ മൻഹാസിനെ പിടികൂടിയതറിഞ്ഞ് തമിഴ്നാട് സ്വദേശി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മൻഹാസിന്റെ സഹായത്തോടെയാണ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്നലെ സാമ്പത്തിക കുറ്റങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൻഹാസും തമിഴ്നാട് സ്വദേശിയും ചേർന്ന് പലവട്ടം കോടികളുടെ സ്വർണം കടത്തിയതായി വ്യക്തമായിട്ടുണ്ട്.

കടത്തുന്ന രീതി

അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച ശേഷം റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ തമിഴ്നാട്ടുകാരൻ കയറും. തുടർന്ന് വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഒളിപ്പിക്കും. പിന്നാലെ ശുചിമുറിയിൽ കയറുന്ന കാബിൻ ക്രൂ സ്വർണമെടുത്ത് ശരീരത്തിൽ ഒളിപ്പിക്കും. കൊച്ചി വിമാനത്താവളത്തിൽ ഗ്രീൻ ചാനൽ വഴി പുറത്തിറങ്ങിയ ശേഷം തമിഴ്നാട് സ്വദേശിക്ക് കൈമാറും.