കാലടി: കൊല്ലം ശാസ്തമംഗലം സ്വദേശി ശ്രീനാഥിന് (34) ഇത് പുനർജന്മമാണ്. ചെറിയ സാഹസം മൂലം വിഷുദിനത്തിൽ ജീവൻ നഷ്ടമാകേണ്ടതായിരുന്നു ഈ യുവാവിന്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് കന്യാകുമാരി - ബാഗ്‌ളൂർ എക്‌സ്‌പ്രസിൽ ചാടിക്കയറവേ വഴുതി ട്രെയിനിനടിയിലേക്ക് വീണ ശ്രീനാഥ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിന് കാരണമായത് ട്രെയിനിലെ ടിക്കറ്റ് എക്സാമിനർ ഉടനടി അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിച്ചതും.
കാലടി നീലീശ്വരം സ്വദേശി മിഥുനായിരുന്നു ടിക്കറ്റ് എക്സാമിനർ. ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊല്ലം സ്റ്റേഷനിൽ അഞ്ച് മിനിറ്റ് നിറുത്തിയ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് സംഭവം. ട്രെയിനിലേക്ക് കൈയ്യിൽ ഭക്ഷണ പൊതിയുമായാണ് ശ്രീനാഥ് ചാടിക്കയറാൻ ശ്രമിച്ചത്. തൊട്ടടുത്ത കോച്ചിൽ നിന്ന് മിഥുൻ ഇത് ശ്രദ്ധിച്ചു. യുവാവ് വീണ ഉടൻ തന്നെ എസ്-5 കോച്ചിലെ ചെയിൻ വലിച്ചു. ട്രെയിൻ നിന്ന ശേഷം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നവരാണ് ശ്രീനാഥിനെ ട്രാക്കിൽ നിന്ന് വലിച്ചു കയറ്റി ആശുപത്രിയിലെത്തിച്ചത്. ഇടതു കൈയിലെ നാല് വിരലുകൾ അറ്റ നിലയിലായിരുന്നു ശ്രീനാഥ്. മറ്റ് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. കൊല്ലം ശങ്കർ ആശുപത്രിയിലെത്തിച്ച ശ്രീനാഥിന്റെ രണ്ട് വിരലുകൾ തുന്നിച്ചേർത്തു.
റയിൽവേയുടെ എറണാകുളത്തെ സീനിയർ ടിക്കറ്റ് എക്സാമിനറാണ് മിഥുൻ. ജന്മനാ ഇടതു കൈ പകുതി മാത്രമേയുള്ളൂ മിഥുന്. പരിക്കുകളോടെയാണെങ്കിലും ശ്രീനാഥിനെ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തിലാണ് മിഥുൻ. മലയാറ്റൂർ സഹകരണ ബാങ്ക് ജീവനക്കാരൻ താണിക്കപ്പറമ്പിൽ പൗലോസിന്റെ മകനാണ് ഇദ്ദേഹം.