ആലുവ: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലും നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ബസുകളിൽ യാത്രക്കാർ നിന്ന് യാത്രചെയ്യാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി. മാർക്കറ്റിൽ കൂട്ടം കൂടിയാലും നടപടിയുണ്ടാകും. മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും ഒരേസമയം നടത്തരുത്. കടകളിൽ ആളുകൾ നിൽക്കുന്നതിനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തണം. സാമൂഹ്യഅകലം പാലിക്കണം. സാനിറ്റൈസർ നിർബന്ധമാണ്. ആളുകൾ മാർക്കറ്റിൽ വരുന്നതിന് സമയക്ലിപ്തത എർപ്പെടുത്തണം.
എ.ടി.എം കൗണ്ടറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി എ.ടി.എമ്മുകളിൽ സാനിറ്റൈസർ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാങ്കുകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചു. മറ്റു വ്യാപാരസ്ഥാപനങ്ങളിലും, ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലും പരിശോധന നടത്തി. റൂറൽ ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളിലും പരിശോധനയുണ്ട്. ഇതിനായി സ്റ്റേഷൻ അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചതായി എസ്.പി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കും. ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും സേവനസജ്ജരായി കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. കൊവിഡ് സംബന്ധമായ സംശയങ്ങൾക്കും ആവശ്യങ്ങൾക്കും ബന്ധപ്പെടാം.