കൊച്ചി: സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും കാരുണ്യത്തിന്റെയും നേരടയാളങ്ങളായി കന്യാസ്ത്രീ ഉൾപ്പെടെ മൂന്നു പേരുടെ അപൂർവ വൃക്കദാനം. സിസ്റ്രർ ജാൻസി, മലപ്പുറം സ്വദേശി സിജു, തൃശൂർ സ്വദേശി ശ്രുതി എന്നിവരാണ് മൂന്ന് പേർക്ക് പുതുജീവനേകിയത്. മൂന്ന് സ്വീകർത്താക്കളും നാളെ (19) ന് വീടുകളിലേക്ക് മടങ്ങും.
തൃശൂർ ചെങ്ങാലൂർ ലാൽ കിഷനാണ് തന്റെ ഭാര്യ ശ്രുതിയുടെ 'എ' പൊസിറ്റീവ് വൃക്ക നൽകിയാൽ തനിക്ക് 'ഒ' പൊസിറ്റീവ് വൃക്ക കിട്ടുമോയെന്ന് ചോദിച്ച് ആദ്യം ലിസി ആശുപത്രിയിലെ കിഡ്‌നി മാറ്റിവയ്ക്കൽ വിഭാഗത്തെ സമീപിച്ചത്. ഈ സമയം 'എ' പൊസിറ്റീവ് വൃക്കയ്ക്ക് കാത്തിരിക്കുകയായിരുന്നു നിർമാണ തൊഴിലാളിയായ ആലപ്പുഴ തോട്ടപ്പള്ളി പഴയചിറ അനിൽ. ശ്രുതിയുടെ വൃക്ക അനിലിന് നൽകിയപ്പോൾ അനിലിന്റെ സഹോദരൻ സിജു മലപ്പുറം സൗത്ത് പള്ളുവങ്ങാട്ടിലെ അർച്ചനയ്ക്ക് വൃക്ക നൽകാൻ തയ്യാറായി.
ദൈവത്തിന് സമർപ്പണമായാണ് ഒരു വൃക്ക ദാനം ചെയ്യാൻ നഴ്‌സായ സിസ്റ്റർ ജാൻസി തീരുമാനിച്ചത്. 'ഒ' പൊസിറ്റീവ് ആയതിനാൽ സിസ്റ്ററിന്റെ വൃക്ക ഏത് ഗ്രൂപ്പിലുള്ളവർക്കും നൽകാമായിരുന്നു. ഇതു കിഷൻ സ്വീകരിച്ചു. മാർച്ച് ആദ്യ വാരമാണ് ആറുപേരെയും ആശുപത്രിയിൽ പ്രവേശിച്ചത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയിച്ച് ദാതാക്കൾ ആദ്യം ആശുപത്രി വിട്ടു.