മൂവാറ്റുപുഴ: തെരുവോരങ്ങൾ കൈയടക്കി നോമ്പുതുറയുടെ രുചിയേറിയ വിഭവങ്ങളുമായി വിവിധ കൂട്ടായ്മകൾ. എങ്ങോട്ടുനോക്കിയാലും തെരുവുകളിൽ നോമ്പുതുറ വിഭവങ്ങൾ തന്നെ. വടക്കൻ കേരളത്തിലെ തനത് നോമ്പുതുറ വിഭവങ്ങളാണ് പ്രധാന ആകർഷണം.
കൊവിഡ് മഹാമാരിയെ തുടർന്ന് ജോലി ഇല്ലാതായവർ വിവിധ കൂട്ടായ്മകളിലൂടേയും ചിലർ ഒറ്റക്കും അതിജീവനത്തിനായി തെരുവോരങ്ങളിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഉന്തുവണ്ടികളിലും, ചെറുകാറുകളിലുമടക്കം ഇത്തരം തെരുവോര വ്യാപാരം പൊടിപൊടിക്കുന്നു. മൂവാറ്റുപുഴ നഗരത്തിൽ വെള്ളൂർ കുന്നം, ഇ.ഇ.സി മാർക്കറ്റ് റോഡ്, കീച്ചേരിപടി, മാർക്കറ്റ് ബസ് സ്റ്റാൻഡ്,പെരുമറ്റം, ചാലിക്കടവ് ജംഗ്ഷൻ, എം.സി റോഡിൽ വാഴപ്പിള്ളി , പുളിഞ്ചുവട്, പള്ളിപ്പടി, സബൈൻ പടി, പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നോമ്പുതുറ വിഭവങ്ങളുടെ വില്പന നടക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെതെരുവോരങ്ങളിൽ കച്ചവടക്കാർ അണിനിരക്കും .
ലൈവായി പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നവരുമുണ്ട്. വൈകീട്ട് 3 മണി മുതലാണ് ലൈവ് കച്ചവടം ആരംഭിക്കുന്നത്. ആറരയോടെ പലഹാരങ്ങൾ എല്ലാം വിറ്റഴിച്ച് കഴിഞ്ഞിരിക്കും.
റംസാനിൽ ഇത്തരം വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നത് പ്രയാസകരമായതിനാൽ ആവശ്യക്കാർ വളരെയധികമാണ്.
ഇത്തരം വിഭങ്ങളുടെ സാധ്യതയേറിയതിനാൽ പ്രധാന ബേക്കറികളെല്ലാം ഇതേ പാതയിലാണെന്ന് കച്ചവടക്കാരനായ നൗഫൽ പ്ലാക്കുടി പറഞ്ഞു.
ഏതെടുത്താലും പത്തു രൂപ
ഉന്നക്കായ ,ചിക്കൻ സമോസ, ബീഫ് സമോസ, പഴം നിറച്ചത്, ചട്ടിപത്തിരി, ഇറച്ചിപത്തിരി, കട്ലറ്റ്, നെയ് പത്തിരി, കല്ലുമ്മ കായ തുടങ്ങിയ വിഭവങ്ങളാണ് വഴിയോരങ്ങളിൽ വില്പന പൊടിപൊടിക്കുന്നത്. ഏതെടുത്താലും പത്തു രൂപയാണ് വില.