കൊച്ചി: കൊച്ചി നിശാപാർട്ടി കേസിൽ എക്സൈസ് തുടർ നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ആദ്യപടിയായി നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴിയെടുപ്പ് നാളെ ആരംഭിക്കും. പങ്കെടുത്തവരുടെ പട്ടിക എക്സൈസ് നേരത്ത തയ്യാറാക്കിയിരുന്നു. ഇവരെ ഫോൺ വഴി ബന്ധപ്പെട്ട് ഹാജരാകണമെന്ന് എക്‌സൈസ് നിർദേശം നൽകിയിട്ടുണ്ട്. ഹാജരാകാത്തവർക്ക് നോട്ടീസ് അയയരക്കും. പരിശോധന വിവരം അറിഞ്ഞ് പലരും ഓടി രക്ഷപ്പെട്ടിരുന്നു.രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങൾ വച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാൽ നടപടി സ്വീകരിക്കും.
കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും എക്‌സൈസും സംയുക്തമായി കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ ഡിസ്‌ക് ജോക്കി (ഡിജെ) അടക്കം നാലുപേർ അറസ്റ്റിലായിരുന്നു. ഇവരെ തിങ്കളാഴ്ച എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ആലുവ സ്വദേശികളായ നിസ്‌വിൻ (39), ഡെന്നീസ് (42), ജോമി (48), ബംഗളൂരു സ്വദേശി ഡി.ജെ അൻസാർ (48) എന്നിവരാണ് പിടിയിലായത്. 1.6 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. എറണാകുളത്തെ രണ്ട് ആഡംബര ഹോട്ടലുകളിലും ഫോർട്ട് കൊച്ചിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.