കൊച്ചി: മൂവാറ്റുപുഴയിൽ ആസം സ്വദേശിനിയായ അഞ്ച് വയസുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് അന്വേഷണം വിപുലമാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ട മെഡിക്കൽ റിപ്പോർട്ട് ഇന്നലെ പൊലീസിന് ലഭിച്ചു.
ബാലികയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധത്താൽ ഉണ്ടായതുപോലുള്ള മുറിവുകൾ കണ്ടെത്തിയെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. സൈക്കിളിന്റെ ലോഹഭാഗം കൊണ്ട് പരിക്കേറ്റു എന്നാണ് കുട്ടി കൗൺസലിംഗിനിടെ മൊഴി നൽകിയിരുന്നത്. കുട്ടിയുടെ ശരീരത്തിന്റെ വിശദമായ എക്‌സ്‌റേ പരിശോധന നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് പിന്നീട് കൈമാറും.
വയറുവേദനയും വയർവീർക്കലും രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ മാർച്ച് 25നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. അസാമിലെ പ്രദേശിക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ തേടിയത്. ആശുപത്രിയിൽ വച്ച് ശിശുക്ഷേമ സമിതി കുട്ടിയുടെയും സഹോദരിയുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ പൊതുവിലുള്ള ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.