പെരുമ്പാവൂർ: പെരുമ്പാവൂരിന്റെ അക്ഷരാചാര്യ ചിത്രാംബാൾ ടീച്ചർ കഥാവശേഷയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, അക്ഷര കലയുടെ അകവും പുറവും കണ്ടറിഞ്ഞ അദ്ധ്യാപിക ,സംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം പെരുമ്പാവൂർ ഗവ: ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസായിരുന്നു.

പെരുമ്പാവൂരിലെ നടപ്പാക്കിയ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതി ഇന്ന് നിലവിലുള്ള പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ നോഡൽ പ്രോജക്ടാണ്. ഈ പദ്ധതിയുടെ കൺവീനർ എ.ഇ.ഒ.ചിത്രാംബാൾ ആയിരുന്നു.

വി.കെ.നാരായണപിള്ള, എം.ആർ.ഗോവിന്ദൻകുട്ടിനായർ, കെ.ഗംഗാധരൻ നായർ, മഹോപാധ്യായ കെ.ശങ്കരനാരായണപിള്ള, കെ.കെ.കേശവൻ, ജി.ഭവാനിയമ്മ, മഹാകവി കെ.കെ.വേലായുധൻ പിള്ള ,എം.പി.മാധവൻ, ഐ.രാഘവൻ തുടങ്ങി പെരുമ്പാവൂരിന്റെ ഓർമ്മയിൽ ഇനി ചിത്രാംബാൾ ടീച്ചറും നിലകൊള്ളും. കാലടി ശ്രീശങ്കര കോളേജിലെ റിട്ട: പ്രൊഫ. ടി.എൻ.ഹരിഹരനാണ് ഭർത്താവ്.