കൊച്ചി: പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മാമംഗലം - പൊറ്റക്കുഴി കൽവെർട്ട് 28 നും ബി.ടി.എസ് കൽവെർട്ട് മേയ് 15നും ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു. രണ്ടു കൽവെർട്ടുകളുടെയും നിർമ്മാണ പുരോഗതി മേയർ നേരിട്ട് വിലയിരുത്തി.
കാലപ്പഴക്കം ചെന്നതും ഇടുങ്ങിയതുമായ ഈ രണ്ട് കൽവെർട്ടുകളും പുനർനിർമ്മിക്കുന്നതിന് കോർപ്പറേഷൻ ടൈം ഷെഡ്യൂൾ തയ്യാറാക്കിയിരുന്നു. നിലവിൽ മാമംഗലം - പൊറ്റക്കുഴി കൽവെർട്ടിന്റെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. 28ന് വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കും. നിലവിലെ റോഡിൽനിന്നും പുതിയ കൽവെർട്ടിലേക്കുളള റാമ്പിന്റെ നിർമ്മാണവും അതിനുള്ളിൽ പൂർത്തിയാകും.
ബി.ടി.എസ് കൽവെർട്ട് മേയ് 15ന്
ബി.ടി.എസ് കൽവെർട്ടിന്റെ പൈലിംഗ് ജോലികൾ മൂന്നുദിവസത്തിനകം ആരംഭിക്കും. 30ന് മുമ്പായി കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കി 15നകം മറ്റ് പ്രവൃത്തികളും തീർത്ത് ഗതാഗതത്തിനായി തുറന്നുകൊടുക്കും.
മാമംഗലം - പൊറ്റക്കുഴി കൽവെർട്ടിന്റെ പുനർനിർമ്മാണം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയും ബി.ടി.എസ് കലുങ്ക് നിർമ്മാണം 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നിർമ്മാണം. 2019-20 വർഷത്തെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഇനിയും കാലാവധി നീട്ടിലഭിക്കുവാൻ സാദ്ധ്യതയില്ലാത്തതിനാൽ രണ്ട് പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീർക്കേണ്ടി വന്നതിനാലാണ് ഒരേസമയം രണ്ട് കലുങ്കുകളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
കുടിവെള്ളപൈപ്പുകൾ
മാറ്റി സ്ഥാപിക്കും
ബി.ടി.എസ് പാലത്തിനടിയിലൂടെയുളള കുടിവെള്ള കണക്ഷനുകൾ ആവശ്യമെങ്കിൽ മാറ്റി സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. പൈലിംഗിന്റെ ഭാഗമായി കനാലിന്റെ തീരത്തുളള പുരയിടങ്ങളുടെ സൈഡ്ഭിത്തിക്ക് തകരാറുകൾ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മഴ ശക്തമാകുന്നതിന് മുമ്പായി ചങ്ങാടംപോക്ക് കനാൽ ശുചീകരണ ജോലികൾ ഉൾപ്പെടെ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ഡിക്‌സൺ, കൗൺസിലർമാരായ അഡ്വ. ദീപ്തി മേരി വർഗീസ്, സജിനി ജയചന്ദ്രൻ, അഷിത യഹിയ, പയസ് ജോസഫ് എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.