ആലുവ: ഭാരവാഹനങ്ങൾ കടന്നുപോകാതിരിക്കാനായി പൈപ്പ്‌ലൈൻ റോഡിൽ സ്ഥാപിച്ച ക്രോസ് ബാർ ഇറച്ചിക്കോഴികളുമായിപ്പോയ മിനിലോറി ഇടിച്ചുതകർത്തു. അറിയാതെ സംഭവിച്ചതാണെന്നും തിങ്കളാഴ്ച പുതിയത് സ്ഥാപിച്ച് നൽകാമെന്നും ഡ്രൈവർ സത്യവാങ്മൂലം നൽകി. ഇതേത്തുടർന്ന് വാട്ടർ അതോറിട്ടി അധികാരികൾ പൊലീസിന് നൽകിയ പരാതിയിൽ തുടർനടപടികൾ മരവിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ചൂർണിക്കര പഞ്ചായത്ത് എസ്.എൻ പുരത്ത് സ്ഥാപിച്ചിരുന്ന ക്രോസ് ബാർ ആലുവ ഭാഗത്തേക്ക് വന്ന മിനിലോറി ഇടിച്ചുതകർത്തത്. വെളുപ്പിനാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. രാവിലെ പത്തരയോടെ വാട്ടർ അതോറിട്ടി അധികൃതർ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തുന്നതിന് മുമ്പേ ലോറി ഡ്രൈവർ സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യാദൃച്ഛികമായി സംഭവിച്ചതാണെന്നും പുതുക്കി നിർമ്മിക്കാമെന്നുമായിരുന്നു ഉറപ്പ്. ഇതേത്തുടർന്നാണ് വാട്ടർ അതോറിട്ടിയും പൊലീസും തുടർനടപടി ഒഴിവാക്കിയത്.
വലിയ ഭാരവാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് തടയുന്നതിനാണ് വാട്ടർ അതോറിറ്റി ഏതാനും മാസംമുമ്പ് ക്രോസ് ബാർ സ്ഥാപിച്ചത്. ആലുവ പമ്പ് ഹൗസിൽനിന്ന് വിശാല കൊച്ചിയിലേക്കുള്ള കുടിവൈള്ളലൈൻ ഇതുവഴിയാണ് പോകുന്നത്. റോഡിനടിയിൽ കിടക്കുന്ന പൈപ്പ് ഭാരവണ്ടികളുടെ സമ്മർദ്ദത്താൽ പൊട്ടുന്നതായി പരാതി ഉയർന്നിരുന്നു. വലിയ പൈപ്പ് പൊട്ടിയാൽ ആഴ്ചകളെടുത്താണ് നന്നാക്കേണ്ടിവരുന്നത്.