കൊച്ചി: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് കെ.എസ്.ഇ.ബി സെമി ഫൈനലിൽ കടന്നു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കെ.എസ്.ഇ.ബിയുടെ വിജയം. നിജോ ഗിൽബെർട്ട് (33), എൽദോസ് ജോർജ് (40), എം.വിഗ്‌നേഷ് (80) പി.അജീഷ് (87) എന്നിവർ കെ.എസ്.ഇ.ബിക്കായി വിജയ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ (90+4) നഓറം മഹേഷ് സിംഗിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോൾ മടക്കി.
കഴിഞ്ഞ സീസണിൽ ലീഗിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന കെ.എസ്.ഇ.ബിക്ക് സെമിഫൈനൽ പ്രവേശം തിരിച്ചുവരവിനുള്ള ഇരട്ടിമധുരമായി. ലീഗിലെ ആദ്യ മത്സരത്തിൽ തോറ്റതിന് ശേഷമാണ് തുടർച്ചയായ നാലു ജയങ്ങളും സെമിബെർത്തും കെ.എസ്.ഇ.ബി സ്വന്തമാക്കിയത്.12 പോയിന്റുമായി ബി ഗ്രൂപ്പ് ജേതാക്കളായ കെ.എസ്.ഇ.ബി ഏപ്രിൽ 19ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യസെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് വേദി. ഗ്രൂപ്പിൽ കേരള യുണൈറ്റഡിനും 12 പോയിന്റുണ്ടെങ്കിലും നേർക്കുനേർ മത്സരത്തിൽ യുണൈറ്റഡിനെ തോൽപ്പിക്കാനായത് കെ.എസ്.ഇ.ബിക്ക് തുണയായി. 19ന് വൈകിട്ട് ഏഴിന് തൃശൂരിൽ നടക്കുന്ന രണ്ടാം സെമിയിൽ ഗോകുലം കേരള എഫ്.സിയാണ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ കേരള യുണൈറ്റഡിന്റെ എതിരാളികൾ.