പറവൂർ: മരുന്നിന് ക്ഷാമം നേരിടുന്നതിനാൽ പറവൂരിൽ വാക്സിനേഷൻ പ്രതിസന്ധിയിൽ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മരുന്നില്ല. നിശ്ചയിച്ചിരുന്ന വാക്സിനേഷൻ ക്യാമ്പുകൾ പലതും മാറ്റി. താലൂക്ക് ആശുപത്രിയിൽനിന്ന് ആദ്യഡോസ് കൊവിഷീൽഡ് മരുന്ന് കുത്തിവച്ചവർ രണ്ടാംഡോസ് ഇതേമരുന്നുതന്നെ കുത്തിവയ്ക്കണം. നിലവിൽ ഈ മരുന്ന് താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ല. ‘കൊവാക്സിനാണുള്ളത്. ആദ്യ ഡോസ് ‘കൊവിഷീൽഡ്’ എടുത്തവർ രണ്ടാംഡോസ് എടുക്കാൻ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നു. സ്വകാര്യ ആശുപത്രികളിൽ നിലവിൽ ‘കൊവിഷീൽഡ്’ മരുന്നില്ലാത്ത സ്ഥിതിയാണ്. വിഷുദിനം മുതൽ മിക്ക സ്വകാര്യ ആശുപത്രികളും വാക്സിൻ എടുക്കുന്നില്ല. രണ്ടാംഡോസ് കുത്തിവയ്പ് കൃത്യസമയത്ത് എടുക്കാനാകുമോയെന്ന ആശങ്കയിലാണ് പലരും. ദിവസേന കുറഞ്ഞത് നൂറ് പേരെങ്കിലും വാക്സിനെടുക്കാൻ സ്വകാര്യ ആശുപത്രികളിൽ എത്തിയിരുന്നു. മരുന്നില്ലാത്തതിനാൽ ഏതാനും ദിവസങ്ങളായി വരുന്നവരെ മടക്കിഅയക്കുകയാണ്. കൊവിഡ് പോസിറ്റീവാണോയെന്ന് അറിയാൻ ആന്റിജൻ, ആർ.ടി.പി.സിആർ ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റ് ‘വാക്സിൻ ട്രാൻസ്പോർട്ട് മീഡിയം’ (വി.ടി.എം) ലഭ്യത കുറഞ്ഞുവരുന്നുണ്ട്. ടെസ്റ്റുകൾ നടത്താൻ എത്തുന്നവരുടെ എണ്ണത്തിന് അനുസരിച്ച് വി.ടി.എം ലഭ്യമാകുന്നതിന് വൈകാതെ തന്നെ പ്രതിസന്ധിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിവിധ ആശുപത്രി അധികൃതർ പറയുന്നത്. ടെസ്റ്റ് ചെയ്യാനും വാക്സിൻ എടുക്കാനുമുള്ള ആളുകളുടെ എണ്ണം വർദ്ധിച്ചതാണ് വാക്സിൻ, വി.ടി.എം എന്നിവയുടെ ലഭ്യത കുറയാൻ കാരണം.
------------------------------------------------------------
പോസിറ്റീവ് കേസുകൾ കൂടുന്നു; ജാഗ്രത വേണം
പറവൂർ: മേഖലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്നതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. ജാഗ്രത കൈവിടുന്നത് ദുരന്തത്തിലേക്കാണെന്നും ഓരോരുത്തരും സ്വയം ജാഗ്രത പാലിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. നഗരസഭയിൽ 91, ചിറ്റാറ്റുകരയിൽ 72, ഏഴിക്കരയിൽ 62, വടക്കേക്കരയിൽ 93, ചേന്ദമംഗലത്ത് 30, പുത്തൻവേലിക്കരയിൽ 51 എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ കൊവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം. ഇത് ഇനിയും വർദ്ധിക്കുമെന്ന് ഉറപ്പാണ്. നെഗറ്റീവ് ആകുന്നുണ്ടെങ്കിലും അതിനനുസരിച്ച് തന്നെ കേസുകൾ പോസിറ്റീവ് ആകുന്നുമുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പതിവ്
അധികൃതരുടെ പരിശോധനകൾ ഇല്ലാതായതോടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പതിവായിരിക്കുന്നു. ചന്തകളും കടകളും സ്ഥാപനങ്ങളിലും ഉൾപ്പെടെ പലയിടത്തും സാമൂഹിക അകലമില്ല. സാമൂഹിക അകലം പാലിക്കാതെയാണ് പലയിടത്തും ആളുകൾ വരിനിൽക്കുന്നത്. പല സ്ഥാപനങ്ങളിലും സാനിറ്റൈസർ കാഴ്ചവസ്തുവാണ്. ചിലർ മാത്രമാണ് ഇതുപയോഗിക്കുന്നത്. രജിസ്റ്റർ വച്ചിട്ടുണ്ടെങ്കിലും പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ല. നേരത്തെ ബ്രേക്ക് ദി ചെയിൻ ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ച ഡ്രമ്മുകളും ടാപ്പുകളുമെല്ലാം വെറുതെ കിടക്കുന്നു. മാസ്ക് കൃത്യമായി ധരിക്കാത്തവർ ഒട്ടേറെ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസും സെക്ടർ മജിസ്ട്രേട്ടുമാരും നടപടിയെടുക്കണം. മുനമ്പം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ പറവൂർ മാർക്കറ്റിൽ വ്യാപാരികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും പരിശോധനകൾ കാര്യക്ഷമായിട്ടില്ലെന്ന ആക്ഷേപമുണ്ട്.