vaiga

തൃക്കാക്കര: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച 11കാരി വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയിൽ കണ്ടെത്തി. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. മദ്യം നൽകി മയക്കി പുഴയിൽ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.

കാക്കനാട്ടെ കെമിക്കൽ എക്സാമിനേഴ്സ് ലാബിന്റെ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

മാർച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാർ പുഴയിൽ മൃതദേഹം കണ്ടെത്തി. സാനു ഒളിവിലാണ് യാത്രാമദ്ധ്യേയോ രാത്രി ഫ്ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തിൽ കലർത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്ളാറ്റിൽ നിന്ന് രാത്രി പത്തോടെ വൈഗയെ തോളിൽ കിടത്തിയാണ് സാനു കാറിൽ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.

 സാനു മൂകാംബികയിൽ ആറു ദിവസം

സാനു മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി മാനേജർ അജയ് പൊലീസിനോട് പറഞ്ഞു.

രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വെെകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താൻ കാർ ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കൊല്ലൂരിൽ സാനുവിനായി തെരച്ചിൽ തുടരുകയാണ്. പതിവായി മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

 കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചു

സാനു ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്സ്‌ വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കാർ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. കൊല്ലൂരിൽ സാനു എത്തിയത് ടാക്സിയിലാണ്.