കൊച്ചി: ആയിരക്കണക്കിന് കടൽയാനങ്ങൾക്ക് വഴികാട്ടിയ വൈപ്പിനിലേത് ഉൾപ്പെടെ കേരളത്തിലെ ഒൻപത് ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും. രാജ്യത്തെ 65 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈപ്പിനും വികസിപ്പിക്കുന്നത്.
പൊതുമേഖലാ - സ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) പദ്ധതി. ലൈറ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വിപുലീകരിച്ചും സ്ഥലം വിനിയോഗിച്ചും സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ലൈറ്റ് ഹൗസുകളോട് ചേർന്ന സ്ഥലം സംരംഭകർക്ക് വിട്ടുനൽകും. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാം. നിശ്ചിതകാലത്തേക്ക് നടത്തിപ്പ് ചുമതല സംരംഭകർക്ക് നൽകും. പ്രവേശനത്തിന് ഈടാക്കുന്ന ഫീസിൽ നിശ്ചിതവിഹിതം കേന്ദ്ര സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം പദ്ധതിക്ക് പങ്കാളികളെ തേടി താല്പര്യപത്രം ക്ഷണിച്ചു. മേയ് ഏഴ് വരെ സമർപ്പിക്കാം. സംരംഭകരുടെ സംശയങ്ങൾ പരിഹരിക്കാൻ ഈസം 23 ന് ഉച്ചയ്ക്ക് മൂന്നിന് ഓൺലൈൻ യോഗം ചേരും.
# ഉയരത്തിൽ മുമ്പൻ
വൈപ്പിൻ ദ്വീപിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ പുതുവൈപ്പ് ബീച്ചിനോട് ചേർന്നാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 46 മീറ്റർ ഉയരത്തിൽ കോൺക്രീറ്റിൽ നിർമിച്ച ടവറിലാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസാണിത്. 52 കിലോമീറ്റർ ദൂരത്തു നിന്ന് ടവറിലെ വെളിച്ചം കടൽയാനങ്ങൾക്ക് കാണാൻ കഴിയും. 1839 ൽ ഫോർട്ടുകൊച്ചിയിൽ സ്ഥാപിച്ച ലൈറ്റ് ഹൗസാണ് വൈപ്പിനിലേയ്ക്ക് മാറ്റിസ്ഥാപിച്ച് 1979 നവംബർ 15 ന് പ്രവർത്തനം ആരംഭിച്ചത്. ടവറിന്റെ മുകളിൽ കയറി വിദൂരകാഴ്ചകൾ കാണാൻ കഴിയും.
വൈപ്പിൻ ലൈറ്റ് ഹൗസിന് 3167 ചതുരശ്രയടി സ്ഥലമുണ്ട്. തെങ്ങും വൃക്ഷങ്ങളുമുള്ള ഈ സ്ഥലമാണ് സംരഭകർക്ക് വിട്ടുനൽകുക. അനുയോജ്യമായ ടൂറിസം പദ്ധതി തയ്യാറാക്കി നടപ്പാക്കാനുള്ള അനുമതിയാണ് സംരംഭകർക്ക് നൽകുക.
# ലൈറ്റ് ഹൗസുകൾ
ചേറ്റുവ (തൃശൂർ)
വൈപ്പിൻ (എറണാകുളം)
ആലപ്പുഴ (ആലപ്പുഴ)
മനക്കോടം (ആലപ്പുഴ)
വലിയഴീക്കൽ (ആലപ്പുഴ)
കണ്ണൂർ (കണ്ണൂർ)
തങ്കശേരി (കൊല്ലം)
അഞ്ചുതെങ്ങ് (തിരുവനന്തപുരം)
വിഴിഞ്ഞം (തിരുവനന്തപുരം)
# പൈതൃക സൂചകങ്ങൾ
കടൽ സഞ്ചാരികൾക്ക് വഴികാട്ടി മാത്രമല്ല, ചരിത്രത്തിന്റെയും കപ്പലോട്ട പാരമ്പര്യത്തിന്റെയും സൂചകങ്ങളാണ് ലൈറ്റ് ഹൗസുകൾ.
ചരിത്ര പ്രാധാന്യമുളള ലൈറ്റ് ഹൗസുകളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിച്ച് വിദേശരാജ്യങ്ങൾ നേട്ടം കൊയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സ്‌കോട്ട്‌ലാൻഡ്, യു.കെ., ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ലൈറ്റ് ഹൗസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
# ഗുണകരം
കപ്പലോട്ടത്തിൽ നാലായിരം വർഷത്തെ പൈതൃകമുള്ള ഇന്ത്യയിലേയ്ക്ക് വിദേശ സഞ്ചാരികളെ ആകർഷിക്കാനും ലൈറ്റ് ഹൗസ് ടൂറിസം സഹായിക്കും. ഇലക്ട്രോണിക് സംവിധാനങ്ങൾ വ്യാപകമായതോടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ലൈറ്റ് ഹൗസുകൾ വലിയ പൈതൃകമുള്ളതാണ്.
ഐ.സി.ആർ. പ്രസാദ്
ലൈറ്റ് ഹൗസ് ചരിത്രകാരൻ