കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും മുൻകാല പ്രാബല്യത്തോടെ ക്രമാതീതമായി വർദ്ധിപ്പിച്ച സർക്കാർ നടപടി ധിക്കാരപരമാണെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച്. പൊതുജനങ്ങളെ വിഡ്ഢികളാക്കി ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നുള്ള ഒത്തുകളിയാണിതെന്നും സംഘടന ആരോപിച്ചു.
രണ്ടുവർഷം പൂർത്തിയാക്കുന്ന പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് പെൻഷൻ ലഭിക്കുമെന്ന നിയമത്തിലെ പഴുത് മുതലെടുക്കാൻ നിലവിലെ മന്ത്രിസഭയിലുള്ള അറുനൂറിലേറെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളിൽ തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ളവരൊഴികെ എല്ലാവരും മന്ത്രിസഭയുടെ കാലാവധി പകുതിയായപ്പോൾ രാജിവച്ച് പുതിയവരെ നിയമിച്ചതുപോലും സർക്കാരിന്റെ സാമ്പത്തികധൂർത്തായി മാത്രമേ കാണാനാവൂ. കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും അഴിമതിക്കെതിരെ വോട്ടുതേടി അധികാരത്തിലെത്തിയ സർക്കാരും തുടരുന്നത് വിരോധാഭാസമാണ്.
പൊതുവികസന കാര്യങ്ങൾക്ക് മുടക്കാൻ പണമില്ലാതിരിക്കുകയും ശമ്പള, പെൻഷൻ വിതരണത്തിനായി കടമെടുത്ത് ചെലവഴിക്കേണ്ടിയും വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥയെ തകർക്കും. അക്കാര്യങ്ങൾ പരിഗണിക്കാതെ അനാവശ്യ ചെലവുകൾക്കായി കടങ്ങളിൽനിന്നും കടങ്ങളിലേക്ക് സഞ്ചരിക്കുന്ന നയം സർക്കാർ തിരുത്തണമെന്നും ജി.സി.ഡി.ഡബ്ല്യു ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത് ആവശ്യപ്പെട്ടു.