കോലഞ്ചേരി: പൊല്ലാപ്പാകുമോ 'പൊൽ' ആപ്പ് ? പൊതുജനങ്ങൾക്ക് പൊലീസിനെ ഇനി ആപ്പിൽ മാർക്കിട്ട് വിലയിരുത്താം. പൊലീസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർക്കിടാനായി കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ 'പൊൽ' ആപ്പിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പൊലീസിനെ വിലയിരുത്താൻ പൊതുജനങ്ങൾക്ക് ഒരു പബ്ളിക് പ്ളാറ്റ്ഫോം ഒരുക്കുന്നത്.
പൊതുജനങ്ങൾ അപ്‌ലോഡ് ചെയ്യുന്ന റേറ്റിംഗ് പൊലീസ് ആസ്ഥാനത്താണ് സ്വീകരിക്കുന്നത്. ഇതു വഴി പൊലീസിന്റെ ജനസമ്പർക്കം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സാധാരണക്കാരന് പൊലീസിന്റെ മുഖം തുറന്നു പറയുകയും ചെയ്യാം. നിങ്ങൾ നൽകുന്ന ഒരഭിപ്രായവും ഹെഡ് ക്വാർട്ടേഴ്സിലെ പബ്ളിക് ഗ്രീവൻസ് വിഭാഗമല്ലാതെ മറ്റാരും അറിയില്ല. ഇതിനായി ഒരു എസ്.പി യുടെ സേവനവുമുണ്ട്.
റേറ്റ് യുവർ പൊലീസ്
ആപ്പിലെ റേറ്റ് യുവർ പൊലീസ് സ്റ്റേഷൻ എന്ന ഓപ്ഷനിൽ റൂറൽ ജില്ലയും പൊലീസ് സ്റ്റേഷനും സ്റ്റേഷനിൽ എത്തിയ ആവശ്യവും ടൈപ്പ് ചെയ്തു കഴിഞ്ഞാൽ എന്തിനാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത് പൊലീസുകാർ മാന്യമായി പെരുമാറിയോ, പരാതിയോ, സേവനമോ യഥാസമയം പരിഗണിക്കപ്പെട്ടോ, സേവനങ്ങൾ നൽകാൻ എന്തെങ്കിലും പ്രതിഫലം അല്ലെങ്കിൽ കൈക്കൂലിയോ ആവശ്യപ്പെട്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉണ്ട്. അല്ലെങ്കിൽ ഇല്ല എന്ന് ഉത്തരമെഴുതാം. ഇതോടൊപ്പം പൊലീസ് സ്റ്റേഷനെ കുറിച്ച് 200 വാക്കുകളിൽ കവിയാതെ അഭിപ്രായം എഴുതുവാനും സൗകര്യമുണ്ട്.