ss-m

കളമശേരി: പ്രായം വിദ്യാഭ്യാസത്തിന് തടസമല്ലെന്ന് തെളിയിക്കുകയാണ് സപ്തതി കഴിഞ്ഞ കെ.പി.അലിയാർ. സംസ്ഥാന സാക്ഷരതാമിഷന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 4, 7 ക്ലാസുകൾ പാസായി പത്താംക്ലാസ് പാസാകാനുള്ളള തയ്യാറെടുപ്പിലാണ് അലിയാർ. ഒറ്റയ്ക്കല്ല, കൂടെ 64 പേർ വേറെയുമുണ്ട്.

തൊട്ടടുത്ത ക്ലാസ് പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികളുടേതാണ്. 38പേർ പ്ലസ് വണ്ണിലും 51പേർ പ്ലസ് ടുവിലും അച്ചടക്കത്തോടെ പാഠഭാഗങ്ങൾ കേട്ടെഴുതുന്നു. അവിടെയുള്ളത് 40 നും 60നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർത്ഥികളാണ്. അദ്ധ്യാപകരായ വി.വി. സിനി, ജയൻ മാലിൽ, ബിജുമോൻ ജോസി എന്നിവർക്ക് വിദ്യാർത്ഥികളേക്കാൾ പ്രായം കുറവ്. പഠിതാക്കളെക്കുറിച്ചു പറയുമ്പോൾ ഗുരുക്കന്മാർക്ക് ഏകാഭിപ്രായമാണ് - നന്നായി പഠിക്കുന്നവർ, അച്ചടക്കവും ആദരവും പുലർത്തുന്നവർ.

ക്ലാസ് നടക്കുന്നത് ഏലൂരിലെ പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. പ്ലസ്ടു ക്ലാസ് ലീഡർ അറിയപ്പെടുന്ന കവിയായ ശിവൻ മുപ്പത്തടമാണ്. ക്ലാസിൽ ചേരാൻ വൈകിയതിലാണ് ദു:ഖമെന്നും പഠിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സീതാമണി, പ്രസന്ന, ഷിഹാബ്, വിനോദ്, ജിജി, മുക്സീന, ജയലക്ഷ്മി, തുളസിഭായി, രാധാകൃഷ്ണൻ, അബ്ദുൾ സലാം, ജയന്തി എന്നിവർ പറഞ്ഞു. ക്ലാസിൽ വന്നതോടെ നല്ലൊരു സൗഹൃദക്കൂട്ടായ്മ രൂപപ്പെട്ടു. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അത് സജീവമാക്കിയിരിക്കുകയാണ്.

23 വർഷമായി അദ്ധ്യാപികയായി ജോലിചെയ്യുന്ന സിനി തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തെക്കുറിച്ചും മറ്റാനുകൂല്യങ്ങൾ ഇല്ലാത്തതും ഖേദത്തോടെ പറഞ്ഞു.

സർക്കാരുദ്യോഗസ്ഥർ മുതൽ വീട്ടമ്മമാർ വരെ

സർക്കാർ - പൊതുമേഖലാ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലുള്ളവർ, പ്രവാസികൾ, ബിസിനസുകാർ, വീട്ടമ്മമാർ തുടങ്ങി എല്ലാ മേഖലയിലുമുള്ളവരുണ്ട് തുടർവിദ്യാഭ്യാസ ക്ളാസിൽ. കളമശേരി, എടയാർ, കടുങ്ങല്ലൂർ, കാക്കനാട് , നെട്ടൂർ, പറവൂർ, പച്ചാളം എന്നീ പ്രദേശങ്ങളിൽ നിന്നാണ് അധികം പേരും.