കൊച്ചി: കൊവിഡ് കണക്ക് ഉയരുമ്പോൾ ആരും അറിയാതെ പോകുന്ന കാര്യമാണ് കൊവിഡ് മാലിന്യത്തിന്റെ സംസ്കരണം. സംസ്ഥാനത്ത് 58 ടൺ ശേഷിയുള്ള ഒരേയൊരു മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് മാത്രമേയുള്ളൂ. നിലവിൽ 55 മുതൽ 56 ടൺ മാലിന്യം പ്രതിദിനം ഇവിടെ സംസ്കരിക്കുന്നുണ്ട്. കൊവിഡ് പിടിവിട്ടാൽ മാലിന്യസംസ്കരണം പ്രതിസന്ധിയിലാകും.
ഐ.എ.എയുടെ നേതൃത്വത്തിൽ പാലക്കാട് മാന്തുരുത്തിയിലെ ഇമേജ് (ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്ലി) എന്ന മാലിന്യ സംസ്കരണ പ്ലാന്റിലാണ് ഇപ്പോൾ മാലിന്യങ്ങൾ സംസ്കരിക്കുന്നത്. തിരുവനന്തപുരത്തെ പാലോടും എറണാകുളം ബ്രഹ്മപുരത്തും പ്ലാന്റുകൾ ആരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
പാലോട് 7 ഏക്കർ സ്ഥലം ഐ.എം.എ വാങ്ങിയെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം ഒന്നും നടന്നില്ല. ബ്രഹ്മപുരത്ത് 3 ഏക്കർ സ്ഥലം നൽകാൻ സർക്കാർ ധാരണയായെങ്കിലും കൊച്ചി നഗരസഭ വിസമ്മതിച്ചു. 2015ലാണ് പ്ലാന്റിന് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയത്. ഇതിനുശേഷം വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റിക്ക് നൽകിയ സ്ഥലത്ത് ഈ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് നഗരസഭ ഒഴിയുകയായിരുന്നെന്ന് ഐ.എം.എ ആരോപിച്ചു.
സർക്കാർ നിർദേശ പ്രകാരം ബ്രഹ്മപുരത്തു തന്നെ മറ്റൊരു മൂന്ന് ഏക്കർ നൽകാൻ കുന്നത്തുനാട് വില്ലേജ് ഓഫീസർ അനുമതി നൽകിയെങ്കിലും അതിലും ഭൂമിയുടെ ഉടമസ്ഥത കൊച്ചി നഗരസഭയ്ക്കാണെന്ന് എഴുതിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൂടിയ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് യോഗത്തിൽ സ്ഥലം നഗരസഭയുടേത് ആണെങ്കിൽ ജില്ല കളക്ടർ ഇടപെട്ട് പാട്ടകരാർ നൽകണമെന്നും അല്ലെങ്കിൽ റവന്യൂ ഡിപ്പാർട്ടുമെന്റ് ഇടപെട്ട് കരാർ ഉണ്ടാക്കണമെന്നും നിർദേശം നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
നിലവിൽ ഇതുസംബന്ധിച്ച് തീരുമാനം ഒന്നും ആയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമേ സർക്കാർ ഇക്കാര്യം പരിഗണിക്കാൻ സാധ്യതയുള്ളൂ. സർക്കാരുമായി കൂടിയാലോചിച്ച ശേഷം ഇതിൽ തീരുമാനം എടുക്കും.
അഡ്വ.എം.അനിൽ കുമാർ,
മേയർ