കുറുപ്പംപടി: ചേരാനല്ലൂർ ആയുർവേദ ആശുപത്രിയിൽ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം താൽക്കാലകമായി നിർത്തിവച്ചിരിക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനമായ കെല്ലിന് വേണ്ടി സാജ് കൺസ്ട്രക്ഷൻസാണ് നിർമ്മാണം.
2300 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭാവിയിൽ മറ്റു രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനുള്ള അടിത്തറയോടു കൂടിയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 2 കൺസൾട്ടിംഗ് മുറികൾ, ആയുർവേദ ഫാർമസി, നേഴ്‌സസ് സ്റ്റേഷൻ, ട്രീറ്റ്‌മെന്റ് മുറി, പഞ്ചകർമ ട്രീറ്റ്‌മെന്റ് മുറി, ഡ്രസിംഗ് മുറി, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയമുറികൾ, റിസപ്‌ഷൻ എന്നിവ കൂടാതെ ഭാവിയിൽ മറ്റു നിലകൾ നിർമ്മിക്കുമ്പോൾ ലിഫ്റ്റ് ഉപയോഗത്തിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.