കളമശേരി: റോഡിൽ പതിവായി അപകടങ്ങളുണ്ടാക്കുന്ന കുഴി അടക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ വൃക്ഷത്തൈ നട്ട് പ്രതിഷേധിച്ചു. ഏലൂരിൽ സർക്കാരിന്റെ കീഴിലുള്ള ഫ്രെയിറ്റ് സ്റ്റേഷന്റെ മുന്നിലുള്ള റോഡിലാണ് ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരിക്കുന്നത്. പഴയ ആനവാതിൽ സിഗ്നൽ കവലയായ ഇവിടെ പാതാളത്തനിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റായതിനാൽ ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഗതാഗതത്തിരക്കുള്ള റോഡാണിത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതൽ.