തൃപ്പൂണിത്തുറ: നഗരസഭാ അതിർത്തിക്കുള്ളിൽ സർവീസ് നടത്തുന്ന ടാക്സി, ഓട്ടോ, സ്വകാര്യ ബസ് തൊഴിലാളികൾ കൊവിഡ് പരിശോധനയോട് വിമുഖത കാട്ടുന്നതായി അധികൃതർ. ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റി കൊവിഡ് പരിശോധന ശക്തമാക്കി. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന വാക്സിനേഷൻ ക്യാമ്പുകൾ തത്കാലം നിർത്തിതിവച്ചിട്ടുണ്ട്.
പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ടാക്സി, ഓട്ടോ, ബസ് ജീവനക്കാർക്ക് രോഗം പകരാൻ സാദ്ധ്യത ഏറെയാണ്. പല കൊവിഡ് രോഗികൾക്കും കാര്യമായ ലക്ഷണമില്ലാത്തതിനാൽ വ്യാപാര സ്ഥാപനം നടത്തുന്നവർ, വഴിയോര വാണിഭക്കാർ ഉൾപ്പടെ പരിശോധക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. താലൂക്ക് ആശുപത്രിയിൽ എല്ലാ ദിവസവും ഹെൽത്ത് സെന്ററുകളിൽ ആഴ്ചയിൽ രണ്ടുദിവസവും കൊവിഡ് പരിശോധിക്കാൻ സൗകര്യമുണ്ട്.