പറവൂർ: നഗരഹൃദയത്തിലെ നമ്പൂരിയച്ചൻ ആൽത്തറയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിൽ എ.ഡി.എം പരിശോധന നടത്തും. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ജില്ലാകളക്ടർക്ക് നൽകിയ പരാതിയിൽ ബന്ധപ്പെട്ട കക്ഷികളുടെ യോഗംവിളിച്ചിരുന്നു. പരാതിക്കാരനെ കൂടാതെ ആൽക്ഷേത്രം സംരക്ഷണ സേവാസമിതി ഭാരവാഹികൾ, നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒരു നൂറ്റാണ്ടിലധികമായി നമ്പൂരിയച്ചൻ ആൽക്ഷേത്രത്തിൽ ആരാധന നടക്കുന്നുണ്ട്. 1967ൽ പറവൂർ നഗരസഭയാണ് ആൽമരത്തിന് തറ നിർമ്മിച്ചത്. ആൽക്ഷേത്രത്തിനടുത്തുള്ള അഡ്വ. ഗോപാലമേനോന്റെ കുടുംബക്ഷേത്രമാണ്. രണ്ടരഏക്കർവരുന്ന കുടുംബസ്വത്ത് ഭാഗംചെയ്തപ്പോൾ പന്ത്രണ്ട് സെന്റ് ഭൂമി ക്ഷേത്രത്തിനായി മാറ്റിവെച്ചിട്ടുള്ള രേഖകൾ ഉണ്ടെന്നും സേവാസമിതി ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. ആൽ മറിഞ്ഞുവീണപ്പോൾ വിഗ്രഹത്തിന് മുകളിലെ മേൽക്കൂര പൊളിഞ്ഞുവീണു. ഇത് പുനർനിർമ്മിക്കുകയാണ് ചെയ്തതെന്നും മറ്റു യാതൊരു നിർമ്മാണവും നടത്തിയിട്ടില്ലെന്നും സേവാസമിതി ഭാരവാഹികൾ പറഞ്ഞു.
എന്നാൽ റോഡ് കൈയേറി അനധികൃതമായാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും ഇത് പൊളിച്ചുമാറ്റണമെന്നും പരാതിക്കാരനും നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.എം സ്ഥലത്തെത്തി പരിശോധിച്ചും മറ്റു രേഖകളുടെ അടിസ്ഥാനത്തിലും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ തുടർനടപടികൾ സ്വീകരിക്കും.