മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മൂവാറ്റുപുഴ മേഖലയിൽ കർശന നടപടികളുമായി പൊലീസ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പൊലീസിന്റെ മൂന്ന് പ്രത്യേക സംഘങ്ങൾ പരിശോധന ആരംഭിച്ചു. ഓരോ സംഘത്തിലും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ വീതമാണ് ഉള്ളത്. നഗരത്തെ മൂന്നു മേഖലകളായി തിരിച്ചാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. പേഴയ്ക്കാപിള്ളി മുതൽ വെള്ളൂർക്കുന്നം വരെയും , വെള്ളൂർകുന്നം മുതൽ 130 വരെയും ,നെഹ്റു പാർക്ക് മുതൽ പെരുമറ്റം വരെയുമാണ് മേഖലകൾ. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും പൊലീസ് കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് നോട്ടിസ് നൽകിയിട്ടുണ്ട്. റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന മൂവാറ്റുപുഴ മേഖലയിൽ ആരംഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
നഗരസഭ പ്രദേശത്ത് പ്രതിരോധ, നിയന്ത്രണ നടപടികൾ ഊർജിതമാക്കിയതായി മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. നഗരസഭയിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര പറഞ്ഞു.
മൂന്ന് ദിവസത്തിനിടയിൽ 50 ഓളം പേർക്കെതിരെ കേസ്
റോഡുകളിലും മറ്റും പരിശോധന ഊർജിതമാക്കിയതോടെ കഴിഞ്ഞ 3 ദിവസത്തിനിടയിൽ 50 ഓളം പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ, സാമൂഹിക അകലം പാലിക്കാത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസുകളിലും പരിശോധന കർശനമാക്കി.യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ അനുവദിക്കില്ല.