കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് അടിയന്തര കമ്മിറ്റി യോഗം ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുവാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ രാത്രി ഒൻപതുവരെയേ പ്രവർത്തിക്കാവൂ, പ്രധാന കവലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കൂടുന്നത് ഒരു മാസത്തേക്ക് നിർത്തിവയ്ക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവർ ആന്റിജൻ ടെസ്റ്റ് നടത്തണം. ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വിവാഹം,ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. കളിസ്ഥലങ്ങളിൽ കൂട്ടംകൂടൽ ഒഴിവാക്കണം. പ്രായം ചെന്നവരും കുട്ടികളും വീടുകളിൽനിന്ന് കർശനമായി പുറത്തിറങ്ങരുത്.

വാർഡ് തല കോവിഡ് ജാഗ്രതാസമിതിയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനും രോഗവ്യാപനം തടയുന്നതിന് ആഴ്ചയിൽ രണ്ടുദിവസം കൊവിഡ്‌ ടെസ്റ്റ് നടത്തുന്നതിനും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങങ്ങളും ചെറുകിട വ്യവസായ യൂണിറ്റുകളും അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. ഗ്രാമപഞ്ചായത്തിൽ കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാൽ കർശന നടപടികൾ ഉണ്ടാകുമെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ പറഞ്ഞു.