kanakkankadavu-bridge-
കണക്കൻകടവ് റഗുലേറ്റർ ബ്രിഡ്ജ്

 പണം ചെലിട്ടതല്ലാതെ പ്രയോജനമില്ല

പറവൂർ: ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്ന പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് റഗുലേറ്റർ കം ബ്രി‌ഡ്ജിന്റെ ഷട്ടർ മാനേജ്മെന്റിന്റെ കാര്യക്ഷമത കുറവുമൂലം കർഷകരും നാട്ടുകാരും ബുദ്ധിമുട്ടിലാകുന്നു. വെള്ളം ഒഴുകി വരുന്നതിന് അനുസരിച്ചു ഷട്ടറുകൾ കൃത്യമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നില്ല. ഷട്ടറുകളുടെ മോശം അവസ്ഥയാണ് തടസമാകുന്നത്. ചാലക്കുടിപ്പുഴയുടെ നദീതടങ്ങളിൽ മഴയായി പെയ്യുന്ന വെള്ളം ഒഴുകിയെത്തുന്നത് കണക്കൻകടവിലാണ്. വേനൽക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ ഷട്ടറുകൾ പൂർണമായി അടയ്ക്കുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളം ഷട്ടറിൽതട്ടി ‌കരവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളക്കെട്ട്

മണൽബണ്ടിന് ഭീഷണി

താത്കാലികമായി നിർമ്മിച്ചിട്ടുള്ള മണൽ ഷട്ടറുകളുടെ ചോർച്ചകാരണം ബണ്ടിന് ഭീഷണിയാകുന്നു. ഉപ്പുവെള്ളം കയറാതിരിക്കാൻ വർഷങ്ങളായി ഇളന്തിക്കരയിൽ നിന്നും കോഴിത്തുരുത്തിലേക്ക് മണൽബണ്ട് കെട്ടുന്നുണ്ട്. മണൽബണ്ട് കെട്ടുമ്പോൾ ചാലക്കുടിപ്പുഴയിൽ നിന്നും കണക്കൻകടവിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഷട്ടർതുറന്ന് കോഴിത്തുരുത്ത് സ്ലൂയിസ് വഴിയാണ് ഒഴുക്കേണ്ടത്. നാല് സ്ലൂയിസുകളിൽ ഒന്നുമാത്രമേ നിലവിൽ തുറന്നിട്ടുള്ളൂ. മറ്റുള്ളവ മണൽചാക്കിട്ട് അടച്ചുവച്ചിരിക്കയാണ്. അതിനാൽ കൂടുതൽ വെള്ളം പുഴയിൽ തങ്ങിനിന്ന് മണൽബണ്ടിൽ സമ്മർദം ചെലുത്തുന്നതാണ് ഭീഷണിയാകുന്നത്. വെള്ളം ഒഴുകിവരുന്നതിന് അനുസരിച്ച് കണക്കൻകടവ് ബ്രിഡ്ജിലെ ഷട്ടറുകൾ കൃത്യമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്താൽ കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകും.

വൻ ചെലവ് പ്രതിസന്ധി

ഷട്ടറിന്റെ സ്ലൂയിസിൽ ഇറക്കിയിട്ടുള്ള മണൽചാക്കുകൾ നീക്കംചെയ്തു പിന്നീട് ഉപ്പുകയറാത്ത വിധത്തിൽ ഇവ പുനഃസ്ഥാപിക്കാനുള്ള ഭാരിച്ച ചെലവാണ് അധികൃതരുടെ മുന്നിലെ പ്രതിസന്ധി. മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമായി വന്നാൽ എല്ലാ സ്ലൂയിസുകളും തുറക്കുന്ന നടപടി സ്വീകരിക്കേണ്ടിവരും

കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ദുരന്തകഥ

രണ്ട് പതിറ്റാണ്ടുമുമ്പ് ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ദുരന്തകഥ പണിത അന്നുമുതൽ തുടരുകയാണ്. ബ്രിഡ്ജ് നിർമ്മിച്ചതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്രദമാക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ആദ്യകാലം മുതൽ ഷട്ടറുകൾക്കുണ്ടായ ചോർച്ച പരിഹരിക്കാനായില്ല. 1999ൽ 11കോടി 48 ലക്ഷം രൂപ ചെലവാക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ചാലക്കുടിയാറിന് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. പാലത്തിൽ സജ്ജീകരിച്ച ഷട്ടറുകൾ വേനൽക്കാലത്ത് താഴ്ത്തി ഓരുജലം കയറുന്നത് തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ ആദ്യവർഷംതന്നെ ഷട്ടറുകൾ ചോർന്നു. അറ്റകുറ്റപ്പണികൾക്കായി കോടികൾ മുടക്കുകയും ഷട്ടറുകൾ പുനർനിർമിക്കുകയും ചെയ്തെങ്കിലും ശാശ്വതപരിഹാരം ഇതുവരെയായിട്ടില്ല.