വൈപ്പിൻ: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചെറായി, മുനമ്പം, പള്ളത്താംകുളങ്ങര ബീച്ചുകൾ അടച്ചു. വടം കെട്ടിയാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞത്. പള്ളിപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബീച്ചുകളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മുറികൾ ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ പരിശോധിച്ചതിന് ശേഷം പ്രവേശനം അനുവദിക്കും. കഴിഞ്ഞ കുറെ നാളുകളായി ചെറായി ബീച്ചിലേക്ക് വൻജനക്കൂട്ടമാണ് എത്തുന്നത്.
വൈപ്പിൻ കരയിലെ മറ്റ് ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞിട്ടില്ല.ഫോർട്ട്കൊച്ചി ബീച്ചിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും 60 വയസിനുമേൽ പ്രായമുള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. വരുന്നവർ ബീച്ചിൽ നിന്നും സന്ധ്യക്ക് മുൻപേ വിട്ട് പോകണമെന്ന് പൊലീസ് അറിയിപ്പിൽ നൽകുന്നുണ്ട്.