ആലുവ: പഞ്ചായത്തും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏകോപനത്തിലെ വീഴ്ച പരിഹരിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കൊവിഡ് ജാഗ്രതാ പ്രവർത്തനം ശക്തമാക്കുവാൻ പഞ്ചായത്തും ജാഗ്രതാസമിതിയും തിരുമാനിച്ചു. പൊലീസും ആരോഗ്യപ്രവർത്തകരുമായും ജനങ്ങൾ സഹകരിക്കണം. കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഹെൽത്ത് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ലഭ്യമാക്കുവാൻ നടപടിയെടുക്കണമെന്ന് ഡി.എം.ഒയോട് ആവശ്യപ്പെട്ടു. എല്ലാ വാർഡുകളിലും ജാഗ്രതാസമിതികൾ ചേരും. ചടങ്ങുകൾ നടത്തുന്നവർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും മുൻകൂട്ടി അറിയിക്കണം. മാലിന്യങ്ങൾ പെരുസ്ഥലത്തിടുന്നവർക്ക് പഞ്ചായത്ത് നൽക്കുന്ന പിഴക്ക് പുറമെ പകർച്ചവ്യാധി പരത്തുന്ന നിയമപ്രകാരമുള്ള ശിക്ഷ നൽകണമെന്നും യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷ വഹിച്ചു.
വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോസ്, ഡോ. നിഷ, പഞ്ചായത്ത് സെക്രട്ടറി ആർ. രേഖ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പഞ്ചായത്തംഗങ്ങളായ കെ. ദിലീഷ്‌കുമാർ, കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, തായിക്കാട്ടുക്കര സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. നാസർ എന്നിവർക്ക് പുറമെ പൊലീസ് - ആരോഗ്യപ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.