തോപ്പുംപടി: കൊച്ചി ഹാർബർ, ചെല്ലാനം ഹാർബർ, മുനമ്പം ഹാർബർ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ കഴിഞ്ഞ ഒരു മാസമായി വറുതിയിലാണ്. കടലിൽ പോകുന്നുണ്ടെങ്കിലും വെറും കൈയോടെയാണ് ഇവർ തിരിച്ചു വരുന്നത്. ഒരു വള്ളത്തിൽ എട്ട് മുതൽ പത്ത് വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്. എന്നാൽ ഇവർക്ക് ചായ കാശ് പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.
ബോട്ടിൽ പുറം കടലിൽ പോയി വരുമ്പോൾ ഡീസൽ, ഭക്ഷണം ഉൾപ്പടെ പതിനായിരങ്ങളാണ് ചെലവാകുന്നത്.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങി. കൊച്ചി ഹാർബർ കേന്ദ്രീകരിച്ച് ആയിരത്തോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ലക്ഷങ്ങൾ പലിശക്കെടുത്താണ് പലരും വള്ളങ്ങൾ കടലിൽ ഇറക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി മുതൽ പോയിട്ട് പലിശ പോലും കൊടുക്കാൻ കഴിക്കാത്ത സ്ഥിതിയാണ്.
മത്സ്യതൊഴിലാളികൾ പലരും മറ്റു ജോലി മേഖലകളിലേക്ക് ചേക്കേറി കഴിഞ്ഞു. തീരദേശം ഇതോടെ പട്ടിണിയിലായി. കടലിൽ മീൻ ഇല്ലാതായതോടെ ഹാർബർ ശൂന്യമായി.സർക്കാർ അടിയന്തിര സഹായം നൽകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
മീനുകൾ കിട്ടാക്കനി
കഴിഞ്ഞ സീസണിൽ ലഭിച്ചിരുന്ന മീനുകൾ ഒന്നും ഇപ്പോൾ ലഭിക്കാറില്ല. ചാള, അയല, കിളിമീൻ പോലുള്ള മീനുകളും കിട്ടാക്കനിയാണ്. കടലിലെ ചൂടും ആവാസവ്യവസ്ഥയും മീനുകൾ സംസ്ഥാനം വിടാൻ കാരണമായെന്നാണ് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിലേക്ക് വൻതോതിൽ ചാളയും അയലയും എത്തുന്നത്. ഇതിനാണെങ്കിൽ തീ വിലയും.