കൊച്ചി: കത്വ പെൺകുട്ടിക്കു വേണ്ടി യൂത്ത് ലീഗ് നടത്തിയ പണസമാഹരണത്തിൽ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) വീണ്ടും നോട്ടീസ് നൽകി. 22ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ്. ലീഗ് മുൻ നേതാവ് യൂസഫ് പടനിലം വെട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെയും ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
രണ്ടാഴ്ച മുമ്പ് ഹാജരാകാനാവശ്യപ്പെട്ട് സുബൈറിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഭാര്യാപിതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൻ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെട്ടു. ഇതുപരിഗണിച്ചാണ് 22 ന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. ഫണ്ടിന്റെ ഉറവിടം, കള്ളപ്പണ ഇടപാട്, വിദേശ നാണ്യ വിനിമയച്ചട്ട ലംഘനം തുടങ്ങിയവ ഇ.ഡി അന്വേഷിക്കുമെന്നാണ് സൂചന. ഒരു കോടിയോളം രൂപ ഇരയ്ക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചു എന്നാണ് പ്രധാന ആരോപണം.