മൂവാറ്റുപുഴ: ജന്മദിനം,വിവാഹം, വിവാഹ വാർഷികം, മറ്റ് വിശേഷ ദിവസങ്ങൾ തുടങ്ങിയവ എന്നും ഓർമ്മിക്കുവാനും ഒപ്പം ഭൂമിക്ക് തണലാകുവാനും ഒരു വൃക്ഷത്തൈ നടുന്ന വൃക്ഷ സംരക്ഷണ പദ്ധതിയായ ഇഷ്ടമരം ചാലഞ്ചിന് മാറാടിയിൽ തുടക്കമായി. മുൻ മാറാടി ഗ്രാമപഞ്ചായത്ത് അംഗവും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള നന്മമരം സംസ്ഥാന അവാർഡ് ജേതാവുമായ ബാബു തട്ടാർക്കുന്നേലാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
മാറാടി പഞ്ചായത്തിൽ എട്ടാം വാർഡിലെ ഇടമലപ്പട്ട ഉന്നക്കുപ്പ പുത്തൻപുര വീട്ടിൽ രാജു അമ്മിണി ദമ്പതികളുടെ മകൾ രമ്യയും നടുക്കര ഇഞ്ചക്കാലയിൽ രാജു ലീല ദമ്പതികളുടെ മകൻ ജിതിനും തമ്മിലുള്ള വിവാഹം ദിവസം ഇരുവരും റംബൂട്ടാൻ മരത്തിന്റെ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി ,മുൻ വാർഡ് മെമ്പർ വത്സല ബിന്ദുക്കുട്ടൻ ,അദ്ധ്യാപകരായ രാജേഷ് കെ.ആർ,വിനോദ് ഇ.ആർ തുടങ്ങിയവർ പങ്കെടുത്തു.