എടക്കര :വളർത്തുനായയെ സ്‌കൂട്ടറിന്റെ പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ എടക്കര കരുനെച്ചി സ്വദേശി പ്രെയ്സ് വില്ല സേവ്യറിനെ (53) എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. നായയെ കെട്ടിവലിക്കാൻ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കി.
ചെരിപ്പ് കടിച്ചതിന്റെ പേരിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സ്‌കൂട്ടറിന്റെ പിറകിൽ കെട്ടി നായയെ മൂന്ന് കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ക്രൂരകൃത്യം ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകൻ വളപ്പൻ ഉമ്മർ സോവ്യറിന്റെ സ്‌കൂട്ടറിന് മുന്നിൽ ബൈക്ക് വിലങ്ങിട്ടാണ് കൃത്യം തടഞ്ഞത്. സമൂഹമാദ്ധ്യമങ്ങളിലൂടെ സേവ്യറിന്റെ പ്രവൃത്തി പരന്നതോടെ ശനിയാഴ്ച തന്നെ പൊലീസ് കേസെടുത്തു. ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൃഗങ്ങൾക്കു നേരെയുള്ള ക്രൂരകൃത്യങ്ങൾ തടയുന്ന നിയമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സേവ്യറിനെതിരേ കേസെടുത്തിട്ടുളളത്. ഇയാളെ ജാമ്യത്തിൽ വിട്ടു. പരിക്കേറ്റ നായയെ എമർജൻസി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ ഏറ്റെടുത്ത് ചികിത്സ നൽകി. നായ സുഖം പ്രാപിച്ചു വരുന്നു.
കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച
സംഭവം :കുറ്റപത്രം സമർപ്പിച്ചില്ല
നെടുമ്പാശേരി:കുന്നുകരയിൽ കാറിന് പിന്നിൽ വളർത്തു നായയെ കെട്ടിയിട്ട് വലിച്ചതിന് കേസെടുത്ത് നാല് മാസം പിന്നിട്ടിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല.
2020 ഡിസംബർ 11നായിരുന്നു സംഭവം. കാറിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ ദൃശ്യം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചെങ്ങമനാട് പൊലീസ് കാർ ഡ്രൈവർ കുന്നുകര ചാലായ്ക്ക കോന്നം വീട്ടിൽ യൂസഫിനെ(62) അറസ്റ്റ് ചെയ്ത് സ്റ്റേഷൻജാമ്യത്തിൽ വിട്ടു. ടാക്സി ഡ്രൈവറായ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് ആലുവ ജോയിന്റ് ആർ.ടി.ഒ സസ്പെൻഡ് ചെയ്യുകയും ചെയ്തു.