കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായ് നിർമ്മിച്ച് ഫ്രണ്ട്സ് ലൈബ്രറിയുടെ രണ്ടാം നില മന്ദിരത്തിന്റെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ലൈബ്രറി പ്രസിഡന്റുമായ കെ.സി മനോജ് അദ്ധ്യക്ഷത വഹിച്ചു.
കേരള ഫോക് ലോർ അക്കാഡമിയുടെ 2020ലെ സമഗ്ര സംഭാവനയ്ക്കുള്ള ഫെലോഷിപ് നേടിയ മുടിയേറ്റ് കലാകാരൻ ഉണ്ണിക്കൃഷ്ണമാരാരെയും കാലടി സംസ്ക്യത സർവകലാശാലയിൽ നിന്നും സംഗീതത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ലക്ഷ്മി രാജേഷിനെയും രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ആദരിച്ചു. മൂവാറ്റുപുഴ കൗൺസിലറായി തിരഞ്ഞെടുത്ത വായനശാലയുടെ അംഗവും സജീവ പ്രവർത്തകനുമായ പി.വി. രാധാക്കൃഷ്ണനെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സജീവൻ, സെക്രട്ടറി ബേസിൽ മാത്യു,ബ്ലോക്ക് അംഗം ബീന ഗോപിനാഥ്, ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള പ്രാദേശികപ്രതിഭാകേന്ദ്രം ടീച്ചർ രമണി കെ.സി,വനിത കൺവീനർ ഡെയ്സി അനിൽ എന്നിവർ സംസാരിച്ചു.