കൊച്ചി: നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഹൈബി ഈഡൻ എം.പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഗവർണറുടെ നിർദേശപ്രകാരം വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കാനെടുത്ത തീരുമാനം സ്വാഗതാർഹമാണ്. സി.ബി.എസ്.ഇ, ഐ.സി.ഇ.എസ്. ഇ പരീക്ഷകൾ മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ ഭാവി സമൂഹത്തിന്റെ മുന്നിലെ വലിയപ്രശ്‌നം തന്നെയാണ്. അതിനേക്കാൾ വലുതാണ് അവരുടെ ജീവൻ സംരക്ഷിക്കുക എന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ചികിത്സാസൗകര്യങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയുണ്ടായേക്കാം. പരമാവധി രോഗം വ്യാപിക്കുന്നതിനെതിരെയുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കേണ്ടത്. അതുകൊണ്ട് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ പങ്കുവയ്ക്കുന്ന ആശങ്കയും ഗൗരവമായി കാണണമെന്നും എം.പി ആവശ്യപ്പെട്ടു.