vimala-binu

ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമൂഹത്തിന്റെ നന്മക്കായി നടത്തിയ ഇടപെടലുകൾക്ക് കേരളത്തിലെ ജനങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് സൂചിപ്പിച്ച് ഹൈക്കോടതിയിലെ പ്രമുഖ വനിത അഭിഭാഷക വിമല ബിനു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി.

രമേശ് ചെന്നിത്തല ഇനിയും കേരളത്തിന്റെ ഭരണത്തലവനോ പ്രതിപക്ഷ നേതാവോ എന്ന ചർച്ച നടക്കുന്നതിനിടെയാണ് സാമൂഹ്യ പ്രവർത്തകയായ അഡ്വ. വിമല ബിനു ചെന്നിത്തലയുടെ സേവനങ്ങൾ വ്യക്തമാക്കി തന്റെ ഫേസ് ബുക്ക് പേജിൽ കുറിപ്പിട്ടത്. ഒറ്റ ദിവസം കൊണ്ട് നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തും കമന്റുകളായും രംഗത്തെത്തിയത്. ഇനിയും അഞ്ച് വർഷം കൂടി പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ചെന്നിത്തല ഇരിക്കട്ടെയെന്ന് ആശംസിച്ച് ചിലർ പരിഹസിക്കാനും മറന്നില്ല.

'കേരളം ഒരുപാട് പ്രതിപക്ഷ നേതാക്കളെ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ഖജനാവും സമ്പത്തും കടലും കായലും ഭൂമിയും പ്രതിപക്ഷത്ത് ഇരുന്ന് സംരക്ഷിച്ച ഈ ജനനായകനു തുല്യം ഇദ്ദേഹം മാത്രം' എന്ന് രേഖപ്പെടുത്തിയാണ് കുറിപ്പ് ആരംഭിക്കുന്നത്. രക്തരൂക്ഷിത സമരമോ, കലാപമോ സംഘർഷമോ ഒന്നും ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകനെയും വേട്ടയാടാൻ ഇട്ടുകൊടുക്കാതെ രമേശ് ചെന്നിത്തല അനവധി തവണ കേരള സർക്കാരിനെ തിരുത്തിച്ചു. അഴിമതി തടഞ്ഞു. ബ്രൂവറി അഴിമതി പദ്ധതി ഉപേക്ഷിച്ച് സർക്കാർ ജീവനും കൊണ്ടോടി. സ്പ്രിംഗളർ ഇടപാട് പുറത്ത് കൊണ്ടുവന്നപ്പോൾ പരിഹസിച്ചവരും വിമർശിച്ചവരും ഒടുവിൽ ചെന്നിത്തലയുടെ മുന്നിൽ കൈകൂപ്പി മുട്ടിൽ ഇഴഞ്ഞു. സ്പ്രിംഗർ ഇടപാട് ഉപേക്ഷിച്ച് കേരള സർക്കാർ ജീവനും കൊണ്ടോടി.
പി.ആർ ഏജൻസികളും സൈബർ പോരാളികളുമില്ലാതെ ഒറ്റയാൾ പോരാട്ടം നടത്തിയ മനുഷ്യനാണിത്. ഓരോ വിഷയങ്ങൾ പുറത്തു കൊണ്ടുവരുമ്പോഴും ട്രോളുകളായും ആക്രമണപോസ്റ്റുകളായും ഇടതു സൈബർ പോരാളികൾ അദ്ദേഹത്തെ ആക്രമിക്കുമ്പോൾ കൂടെ പോരാടാൻ, കൈപിടിക്കാൻ ചുറ്റുമുണ്ടാവേണ്ടിയിരുന്നവർ പോലും ഉണ്ടായിരുന്നില്ല. എങ്കിലും തിരിഞ്ഞു നോക്കാതെ സ്വന്തം കരുത്തിൽ മുന്നേറുകയായിരുന്നു. ആദ്യം പുച്ഛിച്ചവരും പരിഹാസിച്ചവരും പതുക്കെ തിരിച്ചറിയുകയായിരുന്നു രമേശ് ചെന്നിത്തല എന്ന പച്ചയായ മനുഷ്യനെ. ആരാണ് യഥാർത്ഥ നായകൻ, ആരാണ് ക്യാപ്റ്റൻ, ആരാണ് യഥാർത്ഥ ഇരട്ട ചങ്കൻ എന്ന് ചോദിച്ചാൽ മലയാളി ഇനി ചെന്നിത്തലയുടെ വിളിച്ച് പറയുമെന്നും കുറിപ്പിൽ പറയുന്നു.

കോൺഗ്രസുമായി ബന്ധമില്ല

കോൺഗ്രസുമായോ പ്രതിപക്ഷ നേതാവുമായോ യാതൊരു ബന്ധവുമില്ല, താൻ വ്യക്തിപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം എഴുതിയതാണ്. ഇത്രയെറെ മികവോടെ പ്രതിപക്ഷ നേതൃ സ്ഥാനം വഹിച്ചിട്ടും അർഹിക്കുന്ന പരിഗണന മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ സാഹചര്യത്തിൽ തികച്ചും വ്യക്തിപരമായെഴുതിയ കുറിപ്പാണിത്.

അഡ്വ. വിമല വിനു