vaiga

തൃക്കാക്കര: പതിനൊന്നുകാരി വൈഗയുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവിൽ പോവുകയും പിന്നീട് പിടിയിലാകുകയും ചെയ്ത കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സാനു മോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈഗയെ താൻ പുഴയിൽ എറിഞ്ഞുകൊന്നതാണെന്ന് സാനു മോഹൻ പൊലീസിന് മൊഴി നൽകി. സാനുവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഉഡുപ്പിയിൽ നിന്ന് ബസിൽ കാർവാറിലെ ബീച്ചിൽ വന്നിറങ്ങവെയാണ് സാനു കർണാടക പൊലീസിന്റെ പിടിയിലായത്. തുടർന്ന് കേരള പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സാനുവിനെ,​ എറണാകുളം ഡി.​സി.പി ഐശ്വര്യ ദോംഗ്രെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിച്ചത്. ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സാനുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

മകളുമൊത്ത് ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടെന്നും പിന്നീട് പേടിച്ച് ആത്മഹത്യയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് സാനു മോഹൻ പൊലീസിന് നൽകിയ മൊഴി. പതിനൊന്നുകാരി വൈഗയെ പുഴയിൽ എറിഞ്ഞുകൊന്നതാണെന്ന് പിതാവ് സാനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ ആലോചിച്ചെങ്കിലും ഭയന്ന് പിന്മാറുകയായിരുന്നു. പിന്നീടാണ് കാറുമെടുത്ത് സ്ഥലം വിട്ടതെന്നും സാനു പൊലീസിനോട് പറ‍ഞ്ഞു. താൻ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സാനു വെളിപ്പെടുത്തി.

ചേർത്തുനിറുത്തി ശ്വാസംമുട്ടിച്ചു

തനിക്ക് ലക്ഷങ്ങൾ കടബാദ്ധ്യതയുണ്ടായിരുന്നതായും അതിനാൽ ജീവിക്കാൻ കഴിയില്ലെന്നും മനസിലാക്കിയാണ് മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതെന്നാണ് സാനു പറയുന്നത്. ഇതിനായി ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയും മകളുമൊത്ത് മാർച്ച് 21ന് രാത്രിയോടെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇവിടെ വച്ച് നമ്മൾ മരിക്കാൻ പോകുകയാണെന്ന് വൈഗയോട് പറഞ്ഞു. അപ്പോൾ അമ്മയെന്ത് ചെയ്യുമെന്ന് കുട്ടി ചോദിച്ചു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കൊള്ളും എന്ന് സാനു മറുപടി പറഞ്ഞു. തുടർന്ന് പേടിച്ച് കരഞ്ഞ കുട്ടിയെ തന്റെ ശരീരത്തോട് ചേർത്ത്നിറുത്തി ശ്വാസം മുട്ടിച്ചു. ചലനം നിലച്ചപ്പോൾ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിലേക്കെത്തിച്ചു. വൈഗയുടെ മൂക്കിൽ നിന്ന് രക്തം വാർന്നപ്പോൾ അതേ ബെ‌ഡ്ഷീറ്റ് കൊണ്ടുതന്നെ ചോര തുടച്ചു. പിന്നീടാണ് ഷീറ്റ് പുതപ്പിച്ച് കാറിലേക്ക് കൊണ്ടുപോയത്. ഇതിന് ദൃക്‌സാക്ഷികളുണ്ട്. എന്നാൽ,​ വൈഗ മുങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാനു ശ്വാസം മുട്ടിച്ചെങ്കിലും അപ്പോൾ ബോധം പോയ കുട്ടി മരിച്ചിട്ടില്ലായിരിക്കാം എന്നാണ് പൊലീസ് നിഗമനം. പുഴയിൽ വീണശേഷമാകാം മരണം സംഭവിച്ചിരിക്കുക.

വൈഗയുടെ ശരീരത്തിൽ 80 ശതമാനം ആൽക്കഹോൾ
ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ നടത്തിയ രാസപരിശോധനാ ഫലത്തിൽ വൈഗയുടെ ശരീരത്തിൽ 80 ശതമാനം മദ്യം കണ്ടെത്തിയിരുന്നു. നൂറ് മില്ലിഗ്രാം രക്തത്തിൽ 80 ശതമാനം ആൽക്കഹോൾ കണ്ടെത്തി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കേവലം 11 വയസ് മാത്രമുള്ള വൈഗയുടെ ശരീരത്തിൽ ഇത്രധികം ആൽക്കഹോൾ കണ്ടെത്താനായത് ഞെട്ടിക്കുന്നതാണ്. വൈഗക്ക് ജ്യൂസിൽ പലതവണയായി മദ്യം കൊടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യം സാനുമോഹൻ പൊലീസിനോട് പറഞ്ഞിട്ടില്ല. ഫ്ലാറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് താൻ ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്നതാണെന്നാണ് സാനുവിന്റെ മൊഴി. രക്തം തറയിൽ വീണത് താൻ ശ്രദ്ധിച്ചിരുന്നില്ല. മൂക്കിൽ നിന്ന് വന്ന രക്തം മറ്റൊരു ബെഡ്ഷീറ്റിൽ തുടച്ച് വാഷിംഗ്‌മെഷീന് മുകളിലേക്കെറിഞ്ഞുവെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സാനുവിന്റെ കൈയിൽ പണമുണ്ടായിരുന്നില്ല

സാനുമോഹന്റെ കൈയ്യിൽ പണം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പണം ഒന്നിച്ചുതരാമെന്ന വ്യവസ്ഥയിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ബീന റസിഡൻസിയിൽ ഏപ്രിൽ 10 ന് മുറിയെടുത്തത്. ഹോട്ടലിൽ നിന്ന് വല്ലപ്പോഴും ചായ കുടിക്കുന്നതൊഴിച്ചാൽ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. മൂകാംബിക ക്ഷേത്രത്തിൽ നിന്നുളള ഭക്ഷണം കഴിച്ചാണ് സാനു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. കൈയിൽ ചെറിയ ഒരു ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. പിടിയിലാകുമ്പോൾ ധരിച്ചിരുന്ന വസ്‌ത്രങ്ങളാണ് ഇട്ടിരുന്ന ടി ഷർട്ടും പാന്റുമാണ് ആറു ദിവസവും ധരിച്ചിരുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെയാണ് സാനു മോഹൻ താമസിച്ചിരുന്നതായി കണ്ടെത്തിയത്. 15ന് വൈകിട്ട് ഹോട്ടൽ ജീവനക്കാർ പണം ആവശ്യപ്പെട്ടതോടെ തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താനായി കാർ ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. കാർഡ് വഴി ബിൽ അടയ്ക്കുമെന്നും അറിയിച്ചു. 16 ന് രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. എന്നാൽ, ഫ്ലാറ്റ് വിട്ടിറങ്ങുമ്പോൾ സാനുവിന്റെ കയ്യിൽ പണമുണ്ടായിരുന്നതായും മരിക്കാൻ പദ്ധതിയിട്ടതിനാൽ അത് മുഴുവൻ ആഘോഷിച്ചു തീർത്തുവെന്നും വിവരമുണ്ട്.

പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇതിനിടെ താൻ ആത്മഹത്യ ചെയ്യാൻ പലവട്ടം ശ്രമം നടത്തിയതായും സാനുമോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിടികൂടുമ്പോൾ ഇയാളെ വിലങ്ങണിയിക്കാൻ പറ്റാത്തവിധം കൈയ്യിൽ മുറിവുണ്ടായിരുന്നു. ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും സംശയമുണ്ട്. ഗോവയിലെ കടലിൽ ചാടിമരിക്കാൻ ശ്രമിച്ചെങ്കിലും ലൈഫ് ഗാർഡ് രക്ഷിച്ചുവെന്നും ഇയാൾ പറയുന്നു. എന്നാൽ, സാനുവിന്റെ കുറ്റസമ്മതം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.