കൊച്ചി: ഇടപ്പള്ളിയിലെ തുകലൻകുത്തിയ തോട് (ഇടപ്പള്ളിത്തോട്), കൊച്ചാപ്പിള്ളിത്തോട് എന്നിവ മൂന്നുമാസത്തിനുള്ളിൽ കൈയേറ്റം ഒഴിവാക്കി പൂർവസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കടവന്ത്ര സ്വദേശി കെ.ടി. ചെഷയർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി. ഇരു തോടുകളുടെയും ഭൂമി വൻതോതിൽ കൈയേറിയെന്ന് സർവേയർമാർ കണ്ടെത്തിയിരുന്നു. കളക്ടർ ഇടപെട്ട് നിയോഗിച്ച സർവേയർമാരെ പിന്നീട് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചതും വിവാദമായിരുന്നു. തുടർന്ന് ഇവരെ തിരിച്ചുവിളിച്ച് സർവേ പുനരാരംഭിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതു കണക്കിലെടുത്താണ് ഡിവിഷൻബെഞ്ച് കൈയേറ്റം ഒഴിപ്പിച്ച് തോടുകൾ മൂന്നുമാസത്തിനകം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്.
കളക്ടറുടെ സത്യവാങ്മൂലത്തിൽ നിന്ന്
ഇടപ്പള്ളി തോട് അളന്ന് സർവേ സ്‌കെച്ച് തയ്യാറാക്കി കൈയേറ്റം ഒഴിപ്പിക്കാൻ കളമശേരി നഗരസഭയ്ക്ക് കൈമാറി
കൊച്ചാപ്പിള്ളി തോട് അളന്നുതിരിക്കാൻ കണയന്നൂർ തഹസിൽദാർ സർവേ ടീമിന് രൂപംനൽകി
ഇറിഗേഷൻ വകുപ്പ്, കൊച്ചി നഗരസഭ, ജില്ലാ സർവേ സൂപ്രണ്ട് എന്നിവരുടെ സഹായത്തോടെയാണ് ടീമുണ്ടാക്കിയത്
ഒരു ഹെഡ് സർവേയറും ഏഴ് ഫസ്റ്റ് ഗ്രേഡ് സർവേയർമാരുമുൾപ്പെടുന്ന ടീമിനെയാണ് നിയോഗിച്ചത്
സർവേ ഡെപ്യൂട്ടി ഡയറക്ടർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇവരെ നിയോഗിച്ചിരുന്നു
ഹൈക്കോടതി ഉത്തരവിനെതിരാണ് ഇതെന്ന് മനസിലായതോടെ ഇവരെ സർവേ ഡ്യൂട്ടിക്കായി തിരിച്ചുവിളിച്ചു
സർവേടീം ഇടക്കാലറിപ്പോർട്ട് മാർച്ച് 23ന് നൽകി
കേസ് വന്നവഴി
തോടുകളുടെ ഭൂമി കൈയേറിയത് അളന്നുതിട്ടപ്പെടുത്താൻ ഹർജിക്കാരൻ നൽകിയ പരാതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഒാംബുഡ്സ്‌മാൻ ഇതിന് ഉത്തരവ് നൽകിയിരുന്നു. 2017 ജനുവരി 19ലെ ഇൗ വിധിയിൽ തുടർനടപടിയുണ്ടാകാത്തതിനാൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇടപ്പള്ളി തോടിന്റെ വഴി
മുട്ടാർപുഴയിൽ നിന്നാരംഭിച്ച് ചിത്രപ്പുഴയിൽ അവസാനിക്കുന്ന ഇടപ്പള്ളിതോടിന് ഒമ്പതര കി.മീ നീളവും 50 മീറ്റർ വീതിയുമുണ്ട്. കൈയേറ്റങ്ങൾ ഒഴിവാക്കി മൂന്നുമാസത്തിനകം തോട് പൂർവസ്ഥിതിയിലാക്കുന്നതിന് കളക്ടർ, കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ, ഏലൂർ, കളമശേരി ചെയർമാൻമാർ, അതാത് സെക്രട്ടറിമാർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കൊച്ചാപ്പിള്ളിതോട് അപ്രത്യക്ഷമായി
തീരദേശസംരക്ഷണ നിയമത്തിന്റെ പരിധിയിൽപെടുന്ന കൊച്ചാപ്പിള്ളി തോട് എളംകുളം ഡിവിഷനിലെ ചെലവന്നൂർ കായലിൽനിന്ന് പൊന്നേത്ത് ചാലിലേക്കാണ് എത്തുന്നത്. തോടിന്റെ 90 ശതമാനവും ഗിരിനഗർ സൊസൈറ്റിക്കുവേണ്ടി പി.ടി. തോമസ് എം.എൽ.എ നികത്തിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിജിലൻസ് കേസ് നിലവിലുണ്ട്. ഈ തോട് വീണ്ടെടുക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം കളക്ടർക്കാണ്.