കൊച്ചി: പതിനൊന്നുകാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സാനു മോഹന്റെ തിരോധാനവും സംബന്ധിച്ച ദുരൂഹതകൾ സാനുവിനെ പിടികൂടി ഒരു ദിവസം ചോദ്യംചെയ്തിട്ടും നീങ്ങിയില്ല. എന്നാൽ, പ്രധാന സംശയങ്ങൾക്ക് ഒരു പരിധിവരെ ഉത്തരമായി. സാനുവിൽ നിന്നു ലഭിച്ച വിവരങ്ങൾ പലതും പരസ്പരവിരുദ്ധമാണെങ്കിലും അതിൽനിന്നു ലഭിച്ച ചില സൂചനകൾക്കു പിന്നാലെയാണ് പൊലീസ് നീങ്ങുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങൾ:
1. മകളെ ഇല്ലാതാക്കിയത് എന്തിന് ?
പൂനെയിൽ സ്റ്രീൽ കമ്പനി നടത്തിയിരുന്ന സാനുവിന് അവിടെയടക്കം ലക്ഷങ്ങളുടെ കടബാദ്ധ്യത. പുറമെ, ഗോവയിലെ കാസിനോകളിൽ ചൂതാട്ടം നടത്തിയും ലോട്ടറികളെടുത്തും പണം ധൂർത്തടിച്ചു. സാമ്പത്തിക ബാദ്ധ്യതകളിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. ഭയംമൂലം ആത്മഹത്യയിൽ നിന്ന് പിൻമാറി. പലരിൽ നിന്നും കടമായി വാങ്ങിയ വൻതുക സംഭവദിവസത്തിനു ശേഷമുള്ള തിങ്കളാഴ്ച മടക്കി നൽകാമെന്ന് സാനു ഉറപ്പ് നൽകിയിരുന്നു.
2. മറ്റാർക്കെങ്കിലും പങ്കുണ്ടോ?
ഇല്ല. സാനുവിന്റെ പരസ്പര വിരുദ്ധമായ മൊഴികളിൽ ചില സംശയങ്ങളുണ്ട്. പൂനെയിലെ മാർവാടി പലിശക്കാരുടെ ഇടപെടലുകളും പരിശോധിക്കും. മാർച്ച് 21ന് സാനു താമസിക്കുന്ന കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണിയിൽ എത്തിയവരെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.
3. ലക്ഷങ്ങൾ എന്തു ചെയ്തു?
ഫ്ളാറ്റ് പണയം വച്ച 10 ലക്ഷവും രമ്യയുടെ ആഭരണങ്ങൾ പണയം വച്ച 11.47 ലക്ഷവും കാർ വിറ്രതിലൂടെ ലഭിച്ച 50,000 രൂപയും സാനുവിന്റെ കൈവശമുണ്ടായിരുന്നു. ഒളിവിൽ കഴിഞ്ഞ 21 ദിവസം കൊണ്ട് ഇതിൽ നല്ലൊരു തുക പൊടിപൊടിച്ചെന്നും കുറച്ചു രൂപ പോക്കറ്റടിച്ചു പോയെന്നുമാണ് മൊഴി. ഇതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചൂതാട്ടം നടത്തി പണം നഷ്ടപ്പെടുത്തിയെന്നാണ് കരുതുന്നത്.
4. ഭീഷണി നേരിട്ടിരുന്നോ?
മൂന്നു കോടിയോളം രൂപയുടെ കടക്കാരനായിരുന്നെങ്കിലും സാനു മോഹന് ആരിൽ നിന്നും ഭീഷണി ഉണ്ടായിട്ടില്ല. പൂനെയിൽ ചിട്ടിപ്പണം തട്ടിയ കേസിലെ പ്രതിയായിരുന്നതിനാൽ പൊലീസിനെ ഭയപ്പെട്ടിരുന്നു. കേരളത്തിൽ എത്തി അഞ്ച് വർഷമായെങ്കിലും സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുമ്പുവരെയും കുടുംബവുമായി അകന്നുനിൽക്കാൻ കാരണം ഇതാണ്. പൂനെയിലെ മാർവാടികളിൽ നിന്നു ഭീഷണി ഉണ്ടായതായി സംശയമുണ്ട്.
5. ദുരൂഹത നിറഞ്ഞ ഫ്ലാറ്റ് ?
വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെടുക്കുന്നതിന് തലേന്ന് സാനുവിനെ അന്വേഷിച്ച് ഫ്ലാറ്റിൽ എത്തിയവർക്ക് കേസിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഫ്ലാറ്രിലെ രക്തക്കറ ആരുടേതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സാനു മോഹനിൽ നിന്ന് ഫ്ലാറ്ര് പണയത്തിൽ വാങ്ങിയ ആളെയടക്കം നിരവധിപേരെ ഇതിനോടകം ചോദ്യം ചെയ്തു.