കൊച്ചി: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമായ വിക്രം സാരാഭായ് സയൻസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ കാക്കനാട്ട് സ്കൂൾ ഉദ്ഘാടനം ചെയ്തു. 10, 12 ക്ളാസുകളിലെ കുട്ടികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജമാക്കുന്ന പ്രഗതി ഇന്നവേറ്റീവ് സ്കൂളിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പഠനത്തിന്റെ വിവിധ മേഖലകളിലെ മേധാവിത്വം ഒഴിവാക്കുന്നതാണ് 2020 ൽ കേന്ദ്രം നടപ്പാക്കിയ വിദ്യാഭ്യാസനയമെന്ന് വി. മുരളീധരൻ പറഞ്ഞു. ശാസ്ത്രം, ആർട്സ്, പാഠ്യപദ്ധതി, പാഠ്യേതരപ്രവർത്തനം, തൊഴിൽ തുടങ്ങിയ വിഭജനങ്ങൾ ഒഴിവാക്കുന്നതാണ് നയം. ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാവുന്ന വിധത്തിൽ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയാണ് നയം ലക്ഷ്യമിടുന്നത്. വ്യക്തിത്വവികസനം, സമഗ്രമായ അറിവ് എന്നി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സ്പേസ് സെന്ററായ നാസ മുൻരാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിനൊപ്പം സന്ദർശിച്ചപ്പോഴാണ് സയൻസ് സ്കൂൾ എന്ന ആശയം ലഭിച്ചതെന്ന് വിക്രം സാരാഭായ് സ്പേസ് ഫൗണ്ടേഷൻ സി.ഇ.ഒയും പ്രഗതി അക്കാഡമി ചെയർപേഴ്സണുമായ ഡോ. ഇന്ദിര രാജൻ പറഞ്ഞു. ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
കിന്റർഗാർട്ടൻ മുതൽ അഞ്ചു വരെ ക്ളാസുകളിൽ അടുത്ത വർഷം പ്രവേശനം നൽകും. 25 മുതൽ 30 വരെ വിദ്യാർത്ഥികളാണ് ഒരു ക്ളാസിലുണ്ടാകുക.
പ്രഗതി ഇന്നവേറ്റീവ് സ്കൂൾ സംസ്ഥാന പാഠ്യപദ്ധതി പ്രകരമാണ് പ്രവർത്തിക്കുക. ദേശീയതലത്തിൽ നടത്തുന്ന മത്സരപ്പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള പരിശീലനം സ്കൂളിൽ നൽകും. മത്സരപ്പരീക്ഷാ പരിശീലന സ്ഥാപനങ്ങളുമായി സഹകരിച്ചും പ്രവർത്തിക്കും.
പ്രഗതിയുടെ അക്കാഡമിക് ബോർഡംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ്, കോസ്റ്റൽ പൊലീസ് ഐ.ജി. പി. വിജയൻ, പ്രഗതി അക്കാഡമി ഡയറക്ടർ സുചിത്ര ഷൈജിന്ത് എന്നിവരും പ്രസംഗിച്ചു.