
ജില്ലയ്ക്ക് 30,000 ഡോസ് വാക്‌സിൻ
കൊച്ചി: ജില്ലയിലെ കൊവിഡ് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉൾപ്പടെ അഞ്ച് മേഖലകളിലേക്കെത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനിൽ ജില്ലയ്ക്ക് 30,000 ഡോസ് ലഭിച്ചു. ഇന്നുമുതൽ വാക്‌സിനേഷൻ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് പറഞ്ഞു.
മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വാക്‌സിൻ വിതരണത്തിനാണ് മുൻഗണന.
ആകെ എത്തിയ വാക്‌സിനുകളിൽ 60,000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്. വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷൻ വിപുലമാക്കും.ജില്ലയിലെത്തിയ വാക്‌സിനുകൾ ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ സൂക്ഷിച്ചിട്ടുണ്ട്. അതാത് വിതരണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. 45 വയസിനുമേൽ പ്രായമുള്ളവർക്ക് തിരിച്ചറിയൽ രേഖയുമായി എത്തിയാൽ വാക്‌സിൻ എടുക്കാം.
തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ സമഗ്രമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചു. മന്ത്രിമാരായ കെ.കെ.ശൈലജ, എ.സി. മൊയ്തീൻ എന്നിവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. അങ്കണവാടി, ആശ വർക്കർമാർ, ജെ.എച്ച്.ഐ.മാർ എന്നിവരടങ്ങുന്ന സംഘത്തെ പുനസംഘടിപ്പിക്കും.
ബോധവത്കരണം ആരംഭിക്കും
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡൊമിസിൽ കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എന്നിവ ഉടൻ ആരംഭിക്കും. വാർഡ് തല സമിതികൾ ഓരോ വീടുകളും സന്ദർശിച്ച് ബോധവത്കരണവും ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തണം.
വാർഡ്തല സമിതികളുടെ പ്രവർത്തനങ്ങളുടെ പ്രതിദിന മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും.
എല്ലാ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തും.
ഓരോ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിൽ എല്ലാവരും വാക്‌സിൻ എടുത്തുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സമൂഹ അടുക്കളകൾ തുടങ്ങും
വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ആദ്യഘട്ടത്തിലെ ജാഗ്രത തുടരും.കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള സംവിധാനങ്ങൾ ആവശ്യം വരുന്ന ഘട്ടത്തിൽ ആരംഭിക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു.
ജില്ലയിൽ 3333 ഓക്‌സിജൻ ബെഡുകൾ തയാറാക്കിയതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആയിരം ഓക്‌സിജൻ ബെഡുകൾ കൂടി അധികമായി തയാറാക്കി വരികയാണ്. 12,000 ബെഡുകളാണ് സ്വകാര്യ ആശുപത്രികളിലടക്കം സജ്ജമായിട്ടുള്ളത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തും.
പത്തു ദിവസത്തിനകം
കൊവിഡ് നിയന്ത്രിക്കും: കളക്‌ടർ
ജില്ലയിലെ 20 ശതമാനം പേർക്ക് വാക്‌സിൻ നൽകി. 7.25 ലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തത്. വാക്‌സിൻ ലഭ്യതയ്ക്കനുസരിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കും. പത്തു ദിവസത്തിനകം കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു.
കൂടുതൽ ചികിത്സകേന്ദ്രങ്ങൾ
ആരംഭിക്കും: മേയർ
മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ എഫ്.എൽ.ടി.സി.കൾ സജ്ജമാക്കിയിട്ടുണ്ട്. എട്ട് കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് മേയർ അഡ്വ.എം.അനിൽകുമാർ അറിയിച്ചു.
1781 പേർക്ക് കൊവിഡ്
ജില്ലയിൽ ഇന്നലെ 1781 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വിദേശത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. 1751 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.4321 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 266 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 34631 . നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 14075 പേർ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12985 സാമ്പിളുകൾ ഇന്നലെ കൊവിഡ് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഉറവിടമറിയാത്തവർ 24
ആരോഗ്യ പ്രവർത്തകർ 0
350 പേർ രോഗമുക്തി നേടി
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 106
• മഴുവന്നൂർ 74
• വാഴക്കുളം 56
• എടത്തല 53
• രായമംഗലം 48
• അങ്കമാലി 44
• കടുങ്ങല്ലൂർ 41
• കളമശ്ശേരി 37
• ഫോർട്ട്കൊച്ചി 35
• തൃപ്പൂണിത്തുറ 29
• കലൂർ 27
• വടവുകോട് 27
• വരാപ്പുഴ 27
• കടവന്ത്ര 26
• തേവര 23
• എളമക്കര 21
• ചോറ്റാനിക്കര 20
• വടുതല 20
• കുമ്പളം 19
• മൂവാറ്റുപുഴ 19
• വൈറ്റില 19
• ആലുവ 18
• എറണാകുളം നോർത്ത് 18
• പള്ളുരുത്തി 18
• ഇടപ്പള്ളി 17
• എറണാകുളം സൗത്ത് 17
• പാലാരിവട്ടം 16
• വെണ്ണല 12
• ശ്രീമൂലനഗരം 12
• പിറവം 11
• മട്ടാഞ്ചേരി 11
• മുടക്കുഴ 11
• വാളകം 11
• പോണേക്കര 7
• ചളിക്കവട്ടം 5
• നായരമ്പലം 5
• പച്ചാളം 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്, എളംകുളം, കടമക്കുടി, കല്ലൂർക്കാട്, ചേന്ദമംഗലം, തുറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, മുണ്ടംവേലി, മൂക്കന്നൂർ, കരുവേലിപ്പടി, കവളങ്ങാട്, തിരുമാറാടി, മണീട്, രാമമംഗലം, ഇടക്കൊച്ചി, ഏഴിക്കര, കുന്നുകര, കുഴിപ്പള്ളി, പാലക്കുഴ, പോത്താനിക്കാട്, മഞ്ഞപ്ര,ഇലഞ്ഞി, എടവനക്കാട്, കുന്നുംപുറം, ചിറ്റാറ്റുകര, പുത്തൻവേലിക്കര, പെരുമ്പടപ്പ്.