കൊച്ചി: വേനൽമഴ മനുഷ്യർക്ക് ആശ്വാസമാണെങ്കിലും കന്നുകാലികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ്. വേണ്ട വിധം ശ്രദ്ധിച്ചില്ലെങ്കിൽ പല വിധ രോഗങ്ങൾ ഉണ്ടാകാം. പാലുാല്പാദനം കുറയുകയും ചെയ്യും.
മഴക്കാലത്ത് ഈച്ചയുടെ ശല്യം വർദ്ധിക്കും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കന്നുകാലികളെ നിർത്തിയാൽ വൈറസുകൾ മൂലം അകിടുവീക്കത്തിന് കാരണമാകും.ഈച്ച ശല്യം മൂലം പശുക്കൾക്ക് മുടന്തൻ പനി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിന് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ടോക്സീനിയ എന്ന അസുഖം കാരണമാകുകയും മരണം സംഭവിക്കുകയും ചെയ്യാം.മഴക്കാലത്ത് ഇളം പുല്ല് കൂടുതൽ നൽകിയാൽ വയറിളക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ചക്ക, മാങ്ങ തുടങ്ങിയവ നൽകുമ്പോൾ ഇതിലുള്ള പുഴുക്കളും ഈച്ചകളും ഉണ്ടെങ്കിൽ ഇതും പലവിധ അസുഖങ്ങൾക്ക് കാരണമാകും
വേണം കരുതൽ
• പൂപ്പൽ വന്ന കാലിത്തീറ്റ നൽകരുത്
• ധാതുലവണ മിശ്രിതം നൽകണം
• അകിടിൽ മുറിവോ പാടുകളോ ഉണ്ടെങ്കിൽ ഉടനെ ചികിത്സ നൽകണം
അകിടുവീക്കമുണ്ടായാൽ ചികിത്സ നൽകണം. ഉടൻ പാല് കറന്നു കളയണം. ഈ പാൽ ഉപയോഗിക്കരുത്. കറക്കുമ്പോൾ പശുവിന്റെ അകിടും കറക്കുന്ന ആളിന്റെ കൈയ്യും വൃത്തിയാക്കണം. പശു തൊഴുത്തും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം
ഡോ. ഡി.ബീന,റിട്ട. അസിസ്റ്റന്റ് ഡയറക്ടർ,
മൃഗസംരക്ഷണ വകുപ്പ്