court

കൊച്ചി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. എന്നാൽ ഉടൻ അപ്പീൽ നൽകണോയെന്ന് തീരുമാനിച്ചിട്ടില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെ തുടർന്നെടുത്ത കേസുകളാണ് ഹൈക്കോടതി 16ന് റദ്ദാക്കിയത്.

കേസുകൾ റദ്ദാക്കിയെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ (ഇ.ഡിയുടെ ചുമതലയുള്ള പ്രത്യേക കോടതി) നൽകണമെന്നും ഇതു പരിശോധിച്ച് അന്വേഷണം ആവശ്യമെങ്കിൽ കോടതി നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്‌ത കേസിൽ പ്രാഥമിക കുറ്റപത്രം വിചാരണക്കോടതിയിൽ നൽകിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാനുള്ള ശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അന്വേഷിക്കുന്നതിന് ക്രിമിനൽ നടപടി ചട്ട പ്രകാരം വിലക്കുണ്ടെന്ന് വിലയിരുത്തിയാണ് വിധി പറഞ്ഞത്. ഇതിനെതിരെ അപ്പീൽ നൽകാനാവുമെന്നാണ് കേസിൽ സർക്കാരിനായി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവസിന്റെ നിയമോപദേശം.

 നിയമോപദേശത്തിൽ നിന്ന്

കോടതിയുടെ പരിഗണനയിലുള്ളതാണെങ്കിലും വ്യാജ തെളിവുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ നിയമപരമായി തടസമില്ല. ഭീമറാസു പ്രസാദ് കേസിൽ കഴിഞ്ഞ മാർച്ച് 12ന് സുപ്രീംകോടതി ഇതു വ്യക്തമാക്കി വിധി പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇൗ വിധിയുടെ അടിസ്ഥാനത്തിൽ അപ്പീൽ നൽകാനാവും. എന്നാൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 116 പ്രകാരമുള്ള കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഇതന്വേഷിക്കാൻ വിലക്ക് ബാധകമല്ല.