duck
തെരുവു നായ്‌ക്കളുടെ കടിയേറ്റ് ചത്ത താറാവുകളെ കൂട്ടിയിട്ടിരിക്കുന്നു.

കിഴക്കമ്പലം: പഴങ്ങനാട് കടമ്പ്രയാറിന് സമീപം താറാവുകളെ വളർത്തിയിരുന്ന കൂട്ടിൽ കയറിയ തെരുവു നായ്ക്കൾ 1500ലധികം താറാവുകളെ കടിച്ചു കൊന്നു. നാനൂറിലധികം താറാവുകൾ കടിയേറ്റ് മൃതപ്രായരാണ്. തിങ്കളാഴ്ച പുലർച്ചെയാണ് അഞ്ച് നായ്ക്കളുടെ സംഘം ഇരുമ്പു വേലിയുള്ള കൂട്ടിൽ കയറിയത്.

കിഴക്കമ്പലം പഴങ്ങനാട് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള കൂട്ടിൽ 2500-ാളം താറാവുകൾ ഉണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് താറാവുകളുടെ കൂട്ടക്കരച്ചിൽ കേട്ട് നായ്ക്കളെ ആട്ടിപ്പായിച്ചത്. പരമ്പരാഗത താറാവു കർഷകനായ ജോസ് ഇവിടെ മുട്ടക്കച്ചവടവും താറാവു കൃഷിയും വർഷങ്ങളായി നടത്തിവരുന്നു. മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും തെരുവ് നായ്ക്കളുടെ ആക്രമണം മുമ്പും ഈ പ്രദേശത്ത് നേരിടേണ്ടി വന്നിട്ടുണ്ട്.