കൊച്ചി: വൈഗയുടെ ദുരൂഹമരണത്തിൽ തനിക്കൊഴികെ മറ്റാർക്കും പങ്കില്ലെന്ന് സാനു പറയുമ്പോഴും ഇയാളുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്രിൽ കണ്ടെത്തിയ രക്തക്കറയും വൈഗയുടെ ഉള്ളിൽ കണ്ടെത്തിയ മദ്യത്തിന്റെ അംശവും അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്. മകൾക്ക് മദ്യം നൽകിയിട്ടില്ലെന്നാണ് സാനു ആവർത്തിച്ചു പറയുന്നത്. ഫ്ലാറ്രിൽ നിന്ന് മദ്യക്കുപ്പികളൊന്നും ലഭിച്ചിട്ടുമില്ല. മകളെ ദേഹത്തോടു ചേർത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ മൂക്കിൽ നിന്നു രക്തം വന്നെന്നും പുതപ്പുപയോഗിച്ച് അത് തുടച്ചുകളഞ്ഞെന്നുമാണ് സാനുവിന്റെ മൊഴി. പുതപ്പിലെ രക്തം കഴുകിക്കളഞ്ഞെന്നും ഇന്നലെ സാനു വെളിപ്പെടുത്തിയെങ്കിലും പുതപ്പ് കണ്ടെടുക്കാനായിട്ടില്ല. നേരത്തെ കണ്ടെത്തിയ രക്തത്തുള്ളികൾ വൈഗയുടേതല്ലെന്ന് കെമിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഈ രക്തം ആരുടേതെന്ന് കണ്ടെത്താൻ വിശദമായ ഫൊറൻസിക് പരിശോധന നടത്താനാണ് തീരുമാനം. വൈഗയുടെ വയറ്റിൽ മദ്യം എങ്ങനെ എത്തിയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.