കോലഞ്ചേരി: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഐക്കരനാട് പഞ്ചായത്തിലെ പാറേപ്പീടിക ചുളവക്കോട് റോഡാണ് തകർന്നത്. ധാരാളം കുടിവെള്ളമാണ് ഇതുമുലം പാഴാകുന്നത്. 200 മീറ്റർ പരിധിയിൽ ഒരു റോഡിന്റെ മൂന്ന് ഭാഗങ്ങളിലായി ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തുടർച്ചയായി വെള്ളം ഒഴുകുന്നതുമൂലം തകർന്ന റോഡും ഇതിലൂടെയുള്ള യാത്രക്ലേശവും ജനങ്ങളെ വലയ്ക്കുകയാണ്. പഞ്ചായത്തിലെ മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് വാട്ടർ അതോററ്റിയുടെ അനാസ്ഥമൂലം തകർന്ന് കിടക്കുന്നത്. പലഭാഗങ്ങളിലായി പൈപ്പുകൾ പൊട്ടുന്നതുമൂലം റോഡിന്റെ പുനർ നിർമാണജോലികൾ തടസപെട്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകൂടിയായ പാങ്കോട് പാറേപ്പീടിക നിവാസികൾക്ക് ഇത് കാലങ്ങളായുള്ള തീരാദുരിതമാണ്.
നിലവിൽ റോഡിൽ രൂപപ്പെടുന്ന കുഴികളിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മെറ്റൽ പൊടികൾ നിറച്ചാണ് താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കുന്നത്.എന്നാൽ ഇത് തുടർന്ന് പോകാതെ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫണ്ടില്ലെന്ന് വാട്ടർ അതോററ്റി
പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഫണ്ടില്ലെന്ന കാരണമാണ് പരാതി പറയുന്നവരോട് വാട്ടർ അതോററ്റിയുടെ മറുപടി. നാല് പതിറ്റാണ്ടോളം കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ കൃത്യ സമയത്ത് മാറ്റി സ്ഥാപിക്കാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.