sanu

കൊച്ചി: വൈഗയെ ശ്വാസംമുട്ടിച്ചു ബോധംകെടുത്തിയ ശേഷം മുട്ടാ‌ർ പുഴയിലേക്ക് എറിയുകയായിരുന്നെന്ന് പിതാവ് സാനു മോഹൻ പൊലീസിന് മൊഴി നൽകി. മൂന്നു കോടിയിലധികം രൂപയുടെ കടബാദ്ധ്യതയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. വൈഗയെ പുഴയിലേക്ക് എറിഞ്ഞെങ്കിലും ഭയംമൂലം ആത്മഹത്യയിൽ നിന്ന് പിന്തിരിഞ്ഞു.
സാനുവി​ന്റെ മൊഴി​ ഇങ്ങനെ: വൈഗയുമായി കൊച്ചിയിലെ ഫ്ളാറ്റിലെത്തിയശേഷം ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഫ്ളാറ്റിൽ നിന്ന് പുറത്തേക്കു പോകാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസംമുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അങ്ങനെ ചെയ്തു. വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ബോധരഹി​തയായപ്പോൾ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്കെറി​ഞ്ഞു. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. മകളെ ഭാര്യയെ ഏൽപ്പിച്ച് ആത്മഹത്യചെയ്യാൻ താത്പര്യമില്ലായിരുന്നെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കർണാടകയിലെ കാർവാറിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് സാനുവിനെ പിടികൂടിയത്. കൊച്ചിയിൽ എത്തിച്ച് ചോദ്യംചെയ്ത ശേഷം തൃക്കാക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.


കൊലപാതകം ആസൂത്രിതം

വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. പെട്ടെന്നുണ്ടായ നിരാശയിലും ദുഃഖത്തിലും നടത്തിയ കൃത്യമല്ലി​ത്. മാർച്ച് 21 മുതൽ അറസ്റ്രിലാകുംവരെ സാനു മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. ആരെയും ബന്ധപ്പെട്ടിരുന്നുമില്ല. ഡിജിറ്റൽ തെളിവുകൾക്കും പിന്തുടരാനുള്ള സാദ്ധ്യതകൾക്കും പഴുതി​ല്ലാതെയായി​രുന്നു ഒളിജീവി​തം. പിടിയിലായപ്പോൾ ഒരു ഫോണുണ്ടായിരുന്നു. അത് മറ്റാർക്കും അറിയാത്ത നമ്പരിലായിരുന്നു. ഇതെല്ലാം ആസൂത്രണത്തി​ന് തെളിവാണെന്ന് പൊലീസ് കരുതുന്നു.

ആദ്യ നുണ തുമ്പായി

മാർച്ച് 21ന് മകളുമൊത്ത് അമ്മാവന്റെ വീട്ടിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ സാനു അവിടെ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതുമുതൽ ഇയാൾ സംശയനിഴലിലായിരുന്നു. ആലുവ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനു മോഹനെയും മകൾ വൈഗയെയും അന്ന് ‌രാത്രിയിലാണ് കാണാതായത്. പി​റ്റേന്ന് ഉച്ചയ്ക്ക് കുട്ടിയുടെ മൃതദേഹം കളമശേരി മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിഡ്ജിനു സമീപം മുട്ടാർ പുഴയിൽനിന്ന് ലഭിച്ചു. സാനുവും പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. പൊലീസ് എട്ടു സംഘങ്ങളായി കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു.

''പിടിയിലായ ശേഷം സാനു പലതവണ മൊഴിമാറ്റി. സാനു ഒറ്രയ്ക്കാണ് വൈഗയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ സാഹചര്യത്തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.''


സി.എച്ച് നാഗരാജു,

കമ്മിഷണ‌ർ

കൊച്ചി സിറ്റി പൊലീസ്