കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 3,000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി മീൻപിടിത്ത ബോട്ട് നാവികസേന പിടികൂടി. പാകിസ്ഥാനിൽ നിന്ന് അയച്ചതെന്ന് കരുതുന്ന മയക്കുമരുന്നുമായി വന്ന ബോട്ടും ബോട്ടിലുണ്ടായിരുന്ന അഞ്ച് ശ്രീലങ്കൻ സ്വദേശികളെയും കൊച്ചിയിലെത്തിച്ചു.
അറബിക്കടലിൽ നിരീക്ഷണം നടത്തിയിരുന്ന നാവികസേനാ കപ്പലായ ഐ.എൻ.എസ് സുവർണയിലെ നാവികരാണ് സംശയകരമായ നിലയിൽ സഞ്ചരിച്ച ബോട്ട് തടഞ്ഞ് പരിശോധിച്ചത്.
ബോട്ടിലുണ്ടായിരുന്നവരെ നാവിസേനാ ഉദ്യോഗസ്ഥരും കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉയർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മയക്കുമരുന്നും കടത്തുകാരെയും നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇന്റലിജൻസ് ബ്യൂറോ ഉൾപ്പെടെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
ശ്രീലങ്കൻ മേഖലയിൽ നിന്നാണ് ബോട്ട് പിടികൂടിയതെന്നാണ് സൂചന. സംശയകരമായ നിലയിൽ കണ്ട ബോട്ടിനെ പിന്തുടർന്ന നാവികസേനാ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് പായ്ക്കറ്റുകളിലാക്കി ബോട്ടിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നു കണ്ടെത്തിയത്. മയക്കുമരുന്നുകളുടെ അളവിലും വിലയിലും സമീപ കാലത്തെ ഏറ്റവും വലിയ വേട്ടയാണിതെന്ന് നാവിക വക്താവ് അറിയിച്ചു. പിടിയിലായവർ കാരിയർമാരാണെന്നാണ് സൂചനകൾ.
ഉറവിടം പാകിസ്ഥാൻ
പാകിസ്ഥാനിലെ ബലൂചിസ്ഥാന്റെ തീരമേഖലയായ മക്രാനിൽ നിന്നാണ് മയക്കുമരുന്ന് വന്നതെന്നാണ് സൂചനകൾ. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത്. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയുടെ സമീപത്തു കൂടിയാണ് മയക്കുമരുന്ന് കപ്പലുകൾ സഞ്ചരിക്കുക. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കപ്പലുകളിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് പുറങ്കടലിൽ മീൻപിടിത്ത ബോട്ടുകൾക്ക് കൈമാറും. ഇവ മത്സ്യത്തിന്റെ മറവിൽ വിവിധ തുറമുഖങ്ങളിൽ ഇറക്കി വിതരണം ചെയ്യുന്നതായാണ് വിവരം. അന്താരാഷ്ട്ര സംഘങ്ങൾ കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തലിന് പിന്നിലുണ്ട്. തീവ്രവാദം, ക്രിമിനൽ പ്രവർത്തനം തുടങ്ങിയവയ്ക്കുൾപ്പെടെ ഫണ്ട് ശേഖരിക്കുന്നതിന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അറബിക്കടൽ വഴി മയക്കുമരുന്ന് കടത്ത് തടയുന്നതിന് വിപുലമായ നിരീക്ഷണവും പരിശോധനകളും നാവികസേന നടത്തുന്നു. പുറങ്കടലിൽ സംശയകരമായി കാണുന്ന ബോട്ടുകളും കപ്പലുകളും പരിശോധിക്കുന്നുണ്ട്.