കോട്ടയം മെഡി. കോളേജിന് ആദ്യ വനിതാ ചെയർപേഴ്സൺ
വൈപ്പിൻ: 177 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സണായി ഞാറയ്ക്കൽ സ്വദേശിനി കെ.ആർ. ചാരുലത തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പിറന്നത് പുതുചരിത്രം. കോളേജിലെ ആദ്യ വനിതാ ചെയർപേഴ്സൺ ആണ് 2017 എം.ബി.ബി.എസ് ബാച്ചുകാരി ചാരുലത.
കഴിഞ്ഞ വർഷം കോളജ് മാഗസിൻ എഡിറ്ററായിരുന്ന ചാരുലതയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഋതു, സഖി, അഹം തുടങ്ങിയ സേവനപദ്ധതികൾ വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ശ്രദ്ധനേടിയിരുന്നു. 'ചേരാം ചാരുവിനൊപ്പം' എന്നതായിരുന്നു ചാരുലതയുടെ നേതൃത്വത്തിലുള്ള പാനലിന്റെ മുദ്രാവാക്യം. ഈ പാനലിലെ ഒമ്പതിൽ എട്ടു പേരും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌ക്കൂളിൽ ജൂനിയർ റെഡ്‌ക്രോസ് കേഡറ്റായിരുന്ന ചാരുലത പഠനകാലം മുതൽ തന്നെ സാമൂഹ്യപ്രവർത്തനമേഖലയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പഠനകാലത്ത് പങ്കെടുത്ത കലാമത്സരങ്ങളിലെല്ലാം വിജയം കരസ്ഥമാക്കിയിരുന്നു. മോണോ ആക്ട്, പ്രസംഗം, ഉപന്യാസരചന, ക്വിസ് തുടങ്ങിയവയാണ് ഏറ്റവും ഇഷ്ടപ്പെട്ട മേഖലകൾ. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ചാരുലതയുടെ തീരുമാനം. പുതുവൈപ്പ് കുഫോസിൽ ഫാം സൂപ്രണ്ടായ ഞാറക്കൽ കണ്ണപ്പശേരിവീട്ടിൽ കെ.കെ രഘുരാജിന്റേയും എടവനക്കാട് ഗവ.യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി സുശീലയുടേയും മകളാണ്. സഹോദരി കെ.ആർ ചിത്രലേഖയും എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.