കൊച്ചി: മൂത്തകുന്നം കൊട്ടുവള്ളിക്കാട് ഗ്രാമത്തിൽ ഇത്തവണയും കല്ലുമ്മക്കായ കൃഷിയില്ല. 2019ൽ അഞ്ച് കർഷക സംഘങ്ങളിലായി 6.5 ടൺ കല്ലുമ്മക്കായ വിളവെടുത്തിരുന്നു. കഴിഞ്ഞ തവണ കൊവിഡ് ഭീഷണിയിൽ കൃഷിയിറക്കാനായില്ല. ഇത്തവണ കൃഷി ചെയ്യാൻ വിത്ത് ലഭിച്ചതുമില്ല. വിത്ത് ലഭിച്ചു കൊണ്ടിരുന്ന ആലപ്പുഴയിലെയും ഉത്തര മലബാറിലെയും കേന്ദ്രങ്ങളിൽ ഇത്തവണ വിളവെടുപ്പ് കുറഞ്ഞതാണ് കാരണം.
ഈ കേന്ദ്രങ്ങളിലെ കടൽ തീരങ്ങളിലെ പാറപ്പുറത്ത് നിന്നാണ് കുഞ്ഞുങ്ങളെ ശേഖരിക്കുന്നത്. ഇവ വേര് പൊട്ടിക്കാതെ ചണ ചാക്കിൽ പൊതിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്. അമ്പത് കിലോക്ക് 1200 രൂപയാണ് ഈടാക്കാറ്. ഇവിടെ നിന്ന് കൊണ്ടുവരുന്ന വിത്തുകൾ കയറിൽ തുണികൊണ്ട് പൊതിഞ്ഞു കെട്ടി ഉപ്പിന്റെ അംശമുള്ള പുഴയുടെ ഭാഗത്ത് (അഴിമുഖത്ത് ) ഇറക്കുകയാണ് കൃഷി രീതി. ഇത്തരത്തിലുള്ള ഓരോ യൂണിറ്റിൽ നിന്നും ഒന്നര ടൺ വീതം കൃഷിയാണ് മുത്തകുന്നത്ത് നിന്ന് ലഭിച്ചത്.
കാലാവസ്ഥ വ്യതിയാനവും അപരന്റെ ഭീഷണിയും
സാധാരണ ശക്തമായ മൺസൂൺ ഉണ്ടാകുമ്പോഴാണ് കല്ലുമ്മക്കായ കടൽ പ്രദേശങ്ങളിൽ കൂടുതലായി വളരുന്നത്. കഴിഞ്ഞ മൺസൂൺ കാലത്ത് മഴ കുറഞ്ഞതും കായൽ വഴിയുളള കടലിലെ മലിനീകരണവും കല്ലുമ്മക്കായ ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്. മറ്റൊരു ഗുരുതരമായ പ്രശ്നം കല്ലുമ്മക്കായയുടെ അന്തകനായി തെക്കേ അമേരിക്കയിൽ നിന്നുമെത്തിയ ഇതേ വർഗത്തിൽ പെട്ട മൈറ്റെല്ലാ സ്ട്രിഗേറ്റ എന്ന അപരനിൽ നിന്നുള്ള ഭീഷണിയാണ്. ഈ അപരൻ കല്ലുമ്മക്കായയെ പൊതിഞ്ഞ് വളരുമ്പോൾ ഓക്സിജൻ ലഭിക്കാതെ കല്ലുമ്മക്കായ നശിച്ച് പോകുകയാണ്. ഇത് സംബന്ധിച്ച് സി.എം.എഫ്.ആർ.ഐ ഗവേഷണം നടത്തുന്നു.
ഡോ. പി.ലക്ഷ്മിലത,
സീനിയർ സയിന്റിസ്റ്റ് സി.എം.എഫ്.ആർ.ഐ