തൃപ്പൂണിത്തുറ: കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ടാക്സി, ഓട്ടോ, ബസ്ജീവനക്കാർ 24നകം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. അല്ലെങ്കിൽ പൊലീസ്, ആരോഗ്യവിഭാഗം എന്നിവർ സംയുക്തമായി പിടികൂടി നടപടി എടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ രമാ സന്തോഷ് അറിയിച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിൽ ടാക്സി, ഓട്ടോ ,സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയവരും കച്ചവടക്കാരും വിമുഖത കാണിക്കുന്നതായി കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ ദ്രുതകർമ്മസേനയുടെ പ്രവർത്തനം വാർഡ് തലത്തിൽ വ്യാപിപ്പിക്കും. പാർസൽ കൗണ്ടർ രാത്രി 10.30വരെ മാത്രമേ പ്രവർത്തിക്കാവൂ. ആരാധനാലയങ്ങളും ചടങ്ങുകൾ നടത്തുന്നവരും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. ഹോട്ടലുകളിൽ ഇരിപ്പിടത്തിൽ കവിഞ്ഞുള്ളവരെ പ്രവേശിപ്പിക്കരുത്. നഗരസഭയിലെ സേവനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾ അന്വേഷണ കൗണ്ടറിൽ സ്വീകരിച്ച് ഫയൽ നമ്പർ രേഖപ്പെടുത്തി രസീത് നൽകും. തുടർന്ന് അപേക്ഷകനെ വിളിച്ച് വേണ്ട സേവനസാക്ഷ്യപത്രങ്ങൾ നൽകും. ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം, ടർഫ് തുടങ്ങിയ പരിശീലന ഇടങ്ങൾ തുടങ്ങിയവ താത്കാലികമായി അടച്ചുപൂട്ടണം.
വർഷകാലത്തിന്റെ മുന്നോടിയായി ശുചീകരണ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം തൊഴിലുറപ്പ് പ്രവർത്തകരെയും ഉൾപ്പെടുത്തി രാത്രിയും പകലും യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ, കാനകൾ എന്നിവ വൃത്തിയാക്കിവരുന്നു. സമീപസ്ഥാപനങ്ങളിലെ മലിനജലം കാനകൾ വഴി തണ്ണീർതടങ്ങളിൽ എത്തുന്നുണ്ട്. സ്ഥാപനങ്ങളിലെ ഇത്തരം ഔട്ട്ലറ്റുകൾ നീക്കംചെയ്യണം. നിയന്ത്രണങ്ങൾ സംബന്ധിച്ച് നഗരസഭാ പരിധിക്കുള്ളിലെ സ്വകാര്യ ആശുപത്രി ഉടമകൾ, പൊലീസ്, വിവിധ സർക്കാർ ഓഫീസ് അധികാരികൾ എന്നിവരുമായി ചർച്ചനടത്തി.
കൗൺസിലർമാരായ കെ.ടി. സൈഗാൾ, യു.കെ. പീതാംബരൻ, ജയപരമേശ്വരൻ, കെ.കെ. പ്രദീപ്, ശ്രീലത മധുസൂദനൻ, ദീപ്തി സുമേഷ്, കെ.വി. സാജു, മുനിസിപ്പൽ സെക്രട്ടറി അഭിലാഷ്‌കുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.